സിദ്ധാര്‍ഥന്റെ മരണം ; അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുൻ ഹൈക്കോടതി ജഡ്ജി നയിക്കും

സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
സിദ്ധാര്‍ഥന്റെ മരണം ;  അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഗവര്‍ണര്‍, മുൻ ഹൈക്കോടതി ജഡ്ജി നയിക്കും

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സി എസ് സിദ്ധാർഥന്റെ മരണത്തിൽ ഗവർണർ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. ഗവർണറുടെ അന്വേഷണ ഉത്തരവും പുറത്തിറങ്ങി . മുൻ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദ് അന്വേഷണ കമ്മീഷനെ നയിക്കും. സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം, സർവകലാശാല അധികൃതരിൽ നിന്നുണ്ടായ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിലാണ് അന്വേഷണം നടക്കുക. മൂന്നുമാസത്തിനകം ചാൻസിലർക്ക് റിപ്പോർട്ട് നൽകണം എന്നാണ് നിബന്ധന.

ഫെബ്രുവരി 18 നാണ് സർവകലാശാലയിലെ ശുചിമുറിയിൽ സിദ്ധാർത്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെടുത്തിയത്. ശേഷം ചില അസ്വാഭാവികതകൾ ചൂണ്ടിക്കാണിച്ച് സിദ്ധാർത്ഥന്റെ മരണത്തിൽ എസ്എഫ്ഐ നേതാക്കൾ ഉൾപ്പെടെ മറ്റു വിദ്യാർത്ഥികൾക്കും പങ്കുണ്ടെന്ന് പറഞ്ഞു കൊണ്ട് കുടുംബം രംഗത്തെത്തുകയായിരുന്നു. മരിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിൽ സിദ്ധാർത്ഥൻ തുടർച്ചയായി റാഗിങ്ങിനിരയായിരുന്നു എന്ന വിവരങ്ങൾ ശേഷം നടന്ന പൊലീസ് അന്വേഷണത്തിൽ പുറത്തു വന്നു.

പുറത്ത് വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടും ഈ സംഭവങ്ങൾ നടന്നു എന്ന് തെളിയിക്കുന്നതായിരുന്നു. പിന്നീട് സിദ്ധാർത്ഥന്റെ അച്ഛൻ മുഖ്യമന്ത്രിയെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു. ശേഷം അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് മുഖ്യമന്ത്രി പ്രസ്താവനയിറക്കി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനമിറങ്ങി ദിവസങ്ങൾ കഴിഞ്ഞും പെർഫോമ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ കൈമാറാതിരുന്നത് കാരണം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടായി. സിബിഐ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച്‌ സിദ്ധാര്‍ഥന്റെ കുടുംബം രംഗത്തെത്തി. തുടർന്ന് വിഷയത്തിൽ വീണ്ടും അടിയന്തര പ്രാധാന്യത്തോടെ സർക്കാർ നടപടികൾ പൂർത്തിയാക്കിവരുമ്പോഴാണ് ഗവർണറുടെ നിർണ്ണായക ഇടപെടൽ ഉണ്ടായിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com