'മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ട്'; വി ഡി സതീശന്‍

'സിദ്ധാര്‍ത്ഥന്റെ കേസിലെ സിബിഐ അന്വേഷണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത്.'
'മാസപ്പടി കേസിലെ ഇ ഡി അന്വേഷണം തിരഞ്ഞൈടുപ്പ് സ്റ്റണ്ട്'; വി ഡി സതീശന്‍

പാലക്കാട്: സിഎംആര്‍എല്‍ മാസപ്പടി വിവാദത്തിലെ ഇ ഡി അന്വേഷണം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉള്ള സ്റ്റണ്ട് മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കരുവന്നൂര്‍ അന്വേഷണം എവിടെ എത്തിനില്‍ക്കുന്നു. സിപിഐഎമ്മും ബിജെപിയും ഒന്നിച്ചല്ല എന്ന് ബോധിപ്പിക്കാനുള്ള തന്ത്രം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

മാസപ്പടി അന്വേഷണത്തില്‍ അച്ഛനും മകള്‍ക്കും ഒരു നോട്ടീസ് പോലും ഏജന്‍സികള്‍ നല്‍കിയിട്ടില്ല. ഒരു അന്വേഷണവും മുഖ്യമന്ത്രിയിലേക്കും മകളിലേക്കും എത്തില്ല. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കളോട് ഇവിടത്തെ പോലെ ഔദാര്യം അന്വേഷണ ഏജന്‍സികള്‍ കാണിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

പ്രേമലേഖനം അയക്കുന്നത് പോലെയാണ് ഇവിടെ ഇഡി നോട്ടീസ് അയക്കുന്നത്. കേരളത്തിലെ സിപിഐഎമ്മും സംഘപരിവാറും തമ്മില്‍ അവിഹിത ബന്ധം. തെളിവുകള്‍ യുഡിഎഫ് പലവട്ടം വെളിയില്‍ കൊണ്ടുവന്നതാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

സിദ്ധാര്‍ത്ഥന്റെ കേസിലെ സിബിഐ അന്വേഷണം മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘവുമാണ് മനപ്പൂര്‍വം വൈകിപ്പിക്കുന്നത്. തെരഞ്ഞെടുപ്പും പ്രതിപക്ഷ സമരവും ഭയന്നിട്ടാണ് മുമ്പ് സിബിഐ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ബന്ധപ്പെടുമ്പോള്‍ അവഗണന നേരിടുന്നതായി സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍ അറിയിച്ചു. ആഭ്യന്തര വകുപ്പില്‍ അന്വേഷിക്കാനാണ് സിദ്ധാര്‍ത്ഥന്റെ അച്ഛന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ചതെന്നും വി ഡി സതീശന്‍ പറഞ്ഞു.

കേസിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം നടത്തുന്ന ശ്രമമാണ് അന്വേഷണം വൈകിപ്പിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ഉപജാപക സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഈ സംഘമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com