കലാമണ്ഡലത്തില്‍ ഇനി മോഹിനിയാട്ട പഠനത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം

കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെയാണ് പുതിയ സംവിധാനം നിലവില്‍ വരിക.
കലാമണ്ഡലത്തില്‍ ഇനി മോഹിനിയാട്ട പഠനത്തിന് ആണ്‍കുട്ടികള്‍ക്കും പ്രവേശനം

തൃശൂര്‍: മോഹിനിയാട്ട പഠനത്തിനായി ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കാന്‍ കേരള കലാമണ്ഡലം തീരുമാനിച്ചു. കലാമണ്ഡലം ആസ്ഥാനത്ത് ചേര്‍ന്ന ഭരണ സമിതി യോഗത്തിലാണ് തീരുമാനം. കലാമണ്ഡലം വൈസ് ചാന്‍സലര്‍ അനന്തകൃഷ്ണന്‍, കലാമണ്ഡലം ഗോപി എന്നിവരുള്‍പ്പെടെയുള്ള പത്തംഗ ഭരണസമിതിയാണ് തീരുമാനമെടുത്തത്.

കഴിഞ്ഞ ദിവസം നര്‍ത്തകി സത്യഭാമ നടത്തിയ പരാമര്‍ശങ്ങളെത്തുടര്‍ന്നുണ്ടായ വിവാദങ്ങളുടെയും വിവിധ മേഖലകളില്‍ നിന്നുള്ള നിരന്തര ആവശ്യത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹിനിയാട്ടത്തിന് ആണ്‍കുട്ടികളുടെ പ്രവേശനം എന്ന തീരുമാനത്തിലേക്ക് ഭരണ സമിതി എത്തിയത്.

കലാമണ്ഡലത്തിന് അധിക ബാധ്യത ഇല്ലാതെയാണ് പുതിയ സംവിധാനം നിലവില്‍ വരിക. തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോട്ടിയായി കമ്മറ്റിക്ക് രൂപം നല്‍കി. എട്ടു മുതല്‍ പിജി വരെ മോഹിനിയാട്ടം പഠിക്കാനുള്ള അവസരം നിലവില്‍ കലാമണ്ഡലത്തിലുണ്ട്. തീരുമാനം നടപ്പാക്കും മുമ്പ് നിരവധി കടമ്പകള്‍ കടക്കാനുണ്ട് കലാമണ്ഡലത്തിന്. കരിക്കുലം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിശദമായ ചര്‍ച്ചകള്‍ വേണമെന്ന് കലാമണ്ഡലം അധികൃതര്‍ അറിയിച്ചു.

ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കലാമണ്ഡലം സത്യഭാമ ഡോ ആര്‍എല്‍വി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത്. മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികള്‍. പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം. ചിലരുണ്ട്, കാക്കയുടെ നിറമാണ്. മോഹിനിയാട്ടത്തിന് കൊള്ളില്ല. പെറ്റതള്ള പോലും കണ്ടാല്‍ സഹിക്കില്ലെന്നും സത്യഭാമ പറഞ്ഞിരുന്നു. പിന്നാലെ, ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്തെത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com