സിദ്ധാർത്ഥൻ്റെ ദുരൂഹമരണം: വി സിയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാൻ നീക്കമെന്നും വി ഡി സതീശൻ
സിദ്ധാർത്ഥൻ്റെ ദുരൂഹമരണം: വി സിയുടെ നടപടിക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം: സിദ്ധാർത്ഥൻ്റെ ദുരൂഹ മരണത്തെ തുടർന്ന് സസ്പെൻഡ് ചെയ്ത വിദ്യാർത്ഥികൾക്കെതിരായ നടപടി പിൻവലിക്കാനുള്ള വി സിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. വി സി യുടെ നടപടി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അന്വേഷണത്തെ അട്ടിമറിക്കുന്ന നടപടിയാണ് വി സിയുടേതെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. തെളിവ് നശിപ്പിക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നതെന്നും പ്രതികളെ രക്ഷിക്കാനാണ് നീക്കമെന്നും വി ഡി സതീശൻ പറഞ്ഞു.

സി ബി ഐ അന്വേഷണവുമായി ബന്ധപ്പെട്ട് വീണ്ടും സമരത്തിലേക്ക് കടക്കേണ്ടി വരുമെന്നും വി ഡി സതീശൻ വ്യക്തമാക്കി. സിദ്ധാർത്ഥൻ്റെ കുടുംബത്തോടൊപ്പമാണെന്നും ഒരു വിട്ടുവീഴ്ചയ്ക്കും ഒരുക്കമല്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു. കുടുംബം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചാൽ അതിലും ഒപ്പം നിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് സർക്കാർ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് തെളിവ് നശിപ്പിക്കാനും കേസ് അട്ടിമറിക്കാനും ആദ്യം മുതൽ സിപിഐഎം ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാണിച്ചു. അതിന്റെ തുടർച്ചയാണ് നിലവിലെ നടപടി. വി സിയുടെ നീക്കത്തിനു പിന്നിൽ വലിയ ഇടപെടലുകൾ ഉണ്ട്. അന്തിമ ഉത്തരം മുഖ്യമന്ത്രിയെ കൊണ്ട് പറയിപ്പിക്കുമെന്നും വി ഡി സതീശൻ വെല്ലുവിളിച്ചു.

പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് നേരത്തെ ആരോപിച്ചിരുന്നു. സിബിഐ അന്വേഷണം വൈകുന്ന വിഷയത്തിൽ ഗവർണറെ സമീപിക്കുമെന്നും ജയപ്രകാശ് ചൂണ്ടിക്കാണിച്ചിരുന്നു. സിബിഐ അന്വേഷണം വൈകുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പോകുമെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. ഈ ആഴ്ചയ്ക്കുള്ളിൽ പ്രതിഷേധം നടത്തുമെന്നായിരുന്നു സിദ്ധാർത്ഥൻ്റെ അച്ഛൻ്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com