

ബ്രഹ്‌മാണ്ഡ സംവിധായകന്‍ എസ് എസ് രാജമൗലി ഒരുക്കുന്ന വാരണാസി ആണ് ഇപ്പോൾ സിനിമാപ്രേമികൾക്കിടയിലെ ചർച്ചാവിഷയം. മഹേഷ് ബാബു നായകനാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കുംഭ എന്ന വില്ലൻ വേഷത്തിലാണ് പൃഥ്വിരാജ് രാജമൗലി ചിത്രത്തിൽ എത്തുന്നത്. ഇപ്പോഴിതാ പൃഥ്വിരാജ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു ചിത്രം ആണ് രാജമൗലി സിനിമയുമായി ആരാധകർ ചേർത്തുവായിക്കുന്നത്.
ജിമ്മിൽ നിന്നുള്ള ചിത്രമാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. ഇത് രാജമൗലിയുടെ വാരണാസിക്ക് വേണ്ടിയുള്ള ലുക്ക് ആണെന്നാണ് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. നേരത്തെ വീൽചെയറിൽ ഇരിക്കുന്ന നടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സിനിമയിൽ നടന്റെ ഒരു ട്രാൻസ്ഫോർമേഷൻ ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. 'വീൽചെയറിൽ മാത്രം ഇരുന്നുള്ള റോളെന്ന് കരുതിയോ; കുംഭയുടെ ട്രാൻസ്ഫോർമേഷൻ കണ്ട് ഞെട്ടാൻ റെഡി ആയിക്കോ' എന്നാണ് ആരാധകർ ചിത്രത്തിന് താഴെ കുറിക്കുന്നത്.
അതേസമയം, വാരാണാസിയുടെ ടൈറ്റില്‍ അനൗണ്‍സ്മെന്‍റ് വീഡിയോ ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്. പല കാലഘട്ടങ്ങളിലും വിവിധ ഭൂഖണ്ഡങ്ങളിലുമായാണ് ചിത്രം കഥ പറയുക എന്നാണ് സൂചന. രാമായണം പോലുള്ള പുരാണങ്ങളും വീഡിയോയില്‍ വലിയ പ്രാധാന്യത്തോടെ കടന്നുവരുന്നുണ്ട്. രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ. മഹേഷ് ബാബുവും ഏറെ നാളായി ഈ ചിത്രത്തിന്റെ പണിപ്പുരയിലാണ്. സിനിമയ്ക്കായി നടന്‍ നടത്തിയ ബോഡി ട്രാന്‍സ്ഫോര്‍മേഷന്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഷൂട്ടിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ചിത്രത്തിന്റെ സഹനിര്‍മാതാവ് കൂടിയായ മഹേഷ് ബാബു സിനിമയ്ക്കായി പ്രതിഫലം വാങ്ങുന്നില്ലെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് വാരണാസിക്ക് തിരക്കഥ ഒരുക്കുന്നത്. 2027 ഏപ്രിലിൽ സിനിമ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്.
Content Highlights: Prithviraj sukumaran new look for rajamouli film varanasi