'മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹം'; ജില്ലാ കമ്മിറ്റിയിൽ വിമർശനം

ആര്യാ രാജേന്ദ്രന്‍റെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കിയെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം

'മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ  പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്നേഹം'; ജില്ലാ കമ്മിറ്റിയിൽ വിമർശനം
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷ വോട്ട് ചോരാൻ പ്രധാന കാരണം നേതാക്കളുടെ വെള്ളാപ്പള്ളി സ്‌നേഹമെന്ന് വിമർശനം. സിപിഐഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലാണ് രൂക്ഷ വിമർശനം ഉയർന്നത്. അയ്യപ്പ സംഗമത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി വേദിയിൽ എത്തിയത് തെറ്റാണെന്നും ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു. മലപ്പുറത്തിനെതിരെയും മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരെയും വിദ്വേഷ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളിയെ ചേർത്തുപിടിച്ചത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് പാർട്ടിയിൽ നേരത്തെയും വിലയിരുത്തലുണ്ടായിരുന്നു.

ഏത് പ്രതിസന്ധിയിലും എൽഡിഎഫിനൊപ്പം ഉറച്ചുനിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ ഇത്തവണ കൈവിട്ടതിലും ബിജെപി പിടിച്ചെടുത്തതിലും മുൻ മേയർ ആര്യ രാജേന്ദ്രനെതിരെ കടുത്ത വിമർശനമാണ് ജില്ലാ കമ്മിറ്റിയിലുണ്ടായത്. ആര്യയുടെ പല പ്രവർത്തനങ്ങളും ജനങ്ങളെ കോർപ്പറേഷൻ ഭരണത്തിന് എതിരാക്കി. കോർപ്പറേഷൻ ഭരണം നഷ്ടപ്പെടാൻ ഒരു കാരണം കഴിഞ്ഞ ഭരണസമിതിയുടെ തെറ്റായ ഭരണംകൂടിയാണ്. കോർപ്പറേഷനിലെ തോൽവിക്ക് പ്രധാന കാരണം തെറ്റായ സ്ഥാനാർത്ഥി നിർണ്ണയമാണ്. ഭരണത്തെ നിയന്ത്രിക്കാൻ കഴിയാത്തത് പാർട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്നും അംഗങ്ങൾ ആരോപിച്ചു.

വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കുന്നതിൽ വലിയ പരാജയം എൽഡിഎഫിലെ ഉത്തരവാദിത്തപ്പെട്ട നേതാക്കൾക്കുണ്ടായെന്നും ശബരിമല സ്വർണ്ണക്കൊള്ള വിവാദം തിരിച്ചടിക്ക് കാരണമായെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുത്ത ജില്ലാ കമ്മിറ്റിയിൽ വിമർശനമുയർന്നു.

മന്ത്രി വി ശിവൻകുട്ടിക്കും മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും എതിരെ വിമർശനം ഉയർന്നിട്ടുണ്ട്. സ്ഥാനാർത്ഥിത്വത്തെ ചൊല്ലി സംസ്ഥാന നേതാക്കളുടെ പിടിവാശി പല സീറ്റുകളും തോൽക്കാൻ കാരണമായി. മുതിർന്ന നേതാക്കൾ കാരണം വിമതർ മത്സരത്തിന് എത്തി. കഴക്കൂട്ടം ഏരിയയിലെ സീറ്റുകൾ ഉദ്ധരിച്ചായിരുന്നു തെരഞ്ഞെടുപ്പിൽ വിജയിച്ച ഒരു നേതാവിന്റെ വിമർശനം.

ക്ഷേമപെൻഷൻ വർധിപ്പിച്ചിട്ടും ജനക്ഷേമ പദ്ധതികൾ ജനങ്ങൾ സ്വീകരിച്ചില്ല. വാഴോട്ടുകോണത്തെ തോൽവി ഇരന്നു വാങ്ങിയതാണെന്നും വിഷയത്തിൽ നേതൃത്വം ഇടപെട്ടില്ലെന്നും വിമർശനം. അതേസമയം തെരഞ്ഞെടുപ്പ് തോൽവിയടക്കം ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി കൂടിയതിനു ശേഷം വീണ്ടും ജില്ലാ കമ്മിറ്റി വിളിക്കും.

Content Highlights: local body election; criticism against arya rajendran and pinarayi vijayan on cpim thiruvananthapuram district committee

dot image
To advertise here,contact us
dot image