

യുഎഇയിൽ തൊഴിൽ സ്ഥാപനങ്ങളുടെയും തൊഴിലാളികളുടെയും എണ്ണത്തിൽ വൻ വർധന ഉണ്ടായതായി പുതിയ കണക്കുകൾ. യുഎഇയിൽ ജോലി തേടാൻ ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നതാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ. വരും നാളുകളിൽ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
യുഎഇയിൽ നിക്ഷേപം നടത്തുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് തൊഴിലവസരങ്ങളും പുതിയതായി സൃഷ്ടിക്കപ്പെടുന്നു. രാജ്യത്തെ തൊഴിൽ സ്ഥാപനങ്ങളുടെ എണ്ണത്തിൽ 6.6 ശതമാനം വർദ്ധന ഉണ്ടായതായാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലാളികളുടെ എണ്ണത്തിൽ 8.9 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി.
ജീവിക്കാനും നിക്ഷേപം നടത്താനും ജോലി ചെയ്യാനും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യുഎഇ മാറിയതിന്റെ തെളിവാണ് ഇതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തൽ. വ്യാപാരം, നിർമാണം, ഐടി, റിയൽ എസ്റ്റേറ്റ്, ഗതാഗതം, ഹോസ്പിറ്റാലിറ്റി തുടങ്ങി എല്ലാ പ്രധാന മേഖലകളിലും വലിയ ഉണർവാണ് പ്രകടമാകുന്നത്. പ്രൊഫഷണൽ, ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ ആഗോള തലത്തിൽ നിന്നുള്ള പ്രതിഭകളെ ആകർഷിക്കാനും രാജ്യത്തിന് കഴിഞ്ഞിട്ടുണ്ട്. തൊഴിലാളികൾക്ക് കൃത്യമായി ശമ്പളം ഉറപ്പാക്കുന്ന വേതന സുരക്ഷാ പദ്ധതിയും യുഎഇയിലേക്ക് കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ കാരണമായെന്നാണ് വിലയിരുത്തൽ.
കൃത്യസമയത്ത് ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ശക്തമായ നിരീക്ഷണ സംവിധാനങ്ങളും രാജ്യത്ത് നിലവിലുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൂടുതൽ കമ്പനികളും യുഎഇയിലേക്ക് കടന്നു വരികയാണ്. ഇതോടെ വരും നാളുകളിൽ ഇനിയും തൊഴിലവസരങ്ങൾ വർദ്ധിക്കും. യുഎഇയിൽ ജോലി തേടാൻ ആഗ്രഹിക്കുന്നവർക്ക് വലിയ പ്രതീക്ഷ നൽകുന്നത് കൂടിയാണ് പുതിയ കണക്കുകൾ.
Content Highlights: huge increase in the number of employment establishments and workers in the UAE reports