

വിനീത് ശ്രീനിവാസൻ നായകനായി എത്തിയ ഒരു ജാതി ജാതകം എന്ന സിനിമയിൽ ഒരു കഥാപാത്രം താൻ ചെയ്യാൻ ഇരുന്നതാണെന്നും എന്നാൽ തിരക്കഥ വായിച്ചതിന് ശേഷം സിനിമയിൽ നിന്ന് പിന്മാറിയെന്നും അജു വർഗീസ്. അരവിന്ദന്റെ അതിഥികൾ ഒരുക്കിയ എം മോഹനന്റെ സിനിമയായതിനാൽ ആണ് ആദ്യം തിരക്കഥ വായിക്കാതെ ചെയ്യാം എന്ന് ഏറ്റതെന്നും നടൻ പറഞ്ഞു. സര്‍വ്വം മായയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് പേർളി മാണിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അജു.
'ഒരു ജാതി ജാതകം എന്ന സിനിമയുടെ കാര്യം പറയാം. അരവിന്ദന്‍റെ അതിഥികളൊക്കെ ചെയ്ത മോഹനേട്ടന്‍ സംവിധാനം ചെയ്ത സിനിമ. കഥ പറയാന്‍ അദ്ദേഹം ഫീനിക്സിന്‍റെ ലൊക്കേഷനില്‍ വന്നു. 15 ദിവസത്തെ ഡേറ്റ് വേണമെന്ന് പറഞ്ഞു. അത് നേരത്തേ തന്നെ വിനീത് പറഞ്ഞ് ഞാന്‍ ബ്ലോക്ക് ചെയ്തിരുന്നു. പോകുന്നതിന് മുന്‍പ് എന്നോട് പറഞ്ഞു, തിരക്കഥ ഹോട്ടലില്‍ ഏല്‍പ്പിച്ചേക്കാം എന്ന്. വേണ്ട സാര്‍, എന്തായാലും സാറിന്‍റെ പടം ഞാന്‍ ചെയ്യുമെന്ന് പറഞ്ഞു. പക്ഷേ ഏല്‍പ്പിച്ചേക്കാം എന്ന് അദ്ദേഹം പറഞ്ഞു. ഒരു ദിവസം പകല്‍ ഒന്നും ചെയ്യാനില്ലാതിരുന്നപ്പോള്‍ ആ തിരക്കഥ വായിക്കാം എന്ന് കരുതി. വായിച്ചുകഴിഞ്ഞപ്പോള്‍ ആ സിനിമ ഞാന്‍ ചെയ്യുന്നില്ലെന്ന് പറഞ്ഞു. ആ ക്യാരക്റ്റര്‍ എനിക്ക് വര്‍ക്ക് ആയില്ല. അല്ലായിരുന്നെങ്കില്‍ ഞാന്‍ പോയി ചെയ്തേനെ', അജുവിന്റെ വാക്കുകൾ.

വിനീത് ശ്രീനിവാസൻ, നിഖില വിമൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം മോഹനൻ സംവിധാനം ചെയ്ത കോമഡി ചിത്രമാണ് ഒരു ജാതി ജാതകം. അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ബാബു ആന്റണി പ്രധാന വേഷത്തിൽ ചിത്രത്തിലെത്തുന്നുണ്ട്. പി.പി.കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, അമൽ താഹ, മുദുൽ നായർ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് രാകേഷ് മണ്ടോടിയാണ്. ഗാനങ്ങൾ മനു മഞ്ജിത്ത്. സംഗീതം ഗുണസുബ്രഹ്മണ്യം. വർണച്ചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിശ്വജിത് ഒടുക്കത്തിൽ നിർവ്വഹിക്കുന്നു. എഡിറ്റിങ് രഞ്ജൻ എബ്രഹാം.
Content Highlights: Aju Varghese about why he rejected oru jaathi jaathakam