സിദ്ധാർത്ഥൻ്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ കുടുംബം

സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നു
സിദ്ധാർത്ഥൻ്റെ മരണം: സിബിഐ അന്വേഷണം വൈകുന്നു; മുഖ്യമന്ത്രിയുടെ വീടിന് മുന്നിൽ പ്രതിഷേധിക്കാൻ കുടുംബം

തിരുവന്തപുരം: പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥൻ്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമം നടക്കുന്നതായി സിദ്ധാർത്ഥൻ്റെ അച്ഛൻ ജയപ്രകാശ് ആരോപിച്ചു. സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികളെ തിരിച്ചെടുത്തത് അതിന്റെ ഭാഗമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമോപദേശം പോലും തേടാതെയാണ് വി സി യുടെ നടപടിയെന്നും കേസ് അട്ടിമറിക്കാൻ വി സി കൂട്ട് നിൽക്കുന്നതായും ജയപ്രകാശ് ആരോപിച്ചു. അതിന് വി സിക്ക് എന്തെങ്കിലും ഓഫർ കാണുമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ ഗവർണറെ സമീപിക്കും. സിബിഐ അന്വേഷണം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അന്വേഷണം തുടങ്ങിയിട്ടില്ല. ഡൽഹിയിലേക്ക് കത്ത് പോലും പോയിട്ടില്ലെന്ന് ആണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി പോകും. ഈ ആഴ്ചയ്ക്കുള്ളിൽ പ്രതിഷേധം നടത്തുമെന്നും സിദ്ധാർത്ഥൻ്റെ അച്ഛൻ പ്രതികരിച്ചു. കുടുംബത്തിന്റെ വാ മൂടി കെട്ടാൻ സർക്കാർ ഇറക്കിയ തന്ത്രമായിരുന്നു സിബിഐ അന്വേഷണ പ്രഖ്യാപനമെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തത് കൊണ്ടുള്ള തീരുമാനം ആയിരുന്നു. എല്ലാം ഒന്ന് തണുപ്പിക്കാൻ സർക്കാർ ചെയ്തതാണ്. കുടുംബം പിന്നോട്ട് പോകില്ല. പ്രതിഷേധവുമായി ഏതറ്റം വരെയും പോകുമെന്നും ജയപ്രകാശ് പറഞ്ഞു.

സിദ്ധാർത്ഥൻ മാസങ്ങളായി റാഗിങ്ങിനു ഇരയായി എന്ന് പറയുന്നു. എസ്എഫ്ഐയുടെ സംസ്ഥാന തലവൻ അടക്കം കോളേജിൽ ക്യാമ്പ് ചെയ്യാറുണ്ട്. ഇത്രയും ക്രൂരമായ സംഘടന ഇനി വേണോ. ആന്തരിക അവയവം മാത്രം മുറിവേൽപ്പിക്കുന്ന തരത്തിൽ ട്രെയിനിങ് കിട്ടിയവരാണ് ഉപദ്രവിക്കുന്നത്. ആന്റി റാഗിങ് റിപ്പോർട്ട് വന്നിട്ടും പൊലീസ് അനങ്ങാത്തത് എന്താണ്. സിബിഐ അന്വേഷണം ഇല്ല. തെളിവുകൾ നശിപ്പിക്കപ്പെടുന്നു. ഇനിയും വിട്ടുകൊടുക്കില്ല. കുടുംബത്തിലെ മൂന്ന് പേരും മുഖ്യമന്ത്രിയുടെ വീടിനു മുന്നിൽ കിടക്കും. വലിയ പ്രതിഷേധം നടത്തുമെന്നും കുടുംബം വ്യക്തമാക്കി.

സിബിഐ അന്വേഷണത്തിന് വിടാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി മാർച്ച് ഒൻപതിന് മുഖ്യമന്ത്രിയെ സന്ദർശിച്ച ശേഷം സിദ്ധാർത്ഥൻ്റെ അച്ഛൻ വ്യക്തമാക്കിയിരുന്നു. എപ്പോള്‍ പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയില്ല. എസ്എഫ്‌ഐക്ക് എതിരായ കാര്യങ്ങള്‍ ഒന്നും മുഖ്യമന്ത്രിയോട് പറഞ്ഞില്ല. മകന്‍ മരിച്ചതല്ല കൊന്നതാണ് എന്ന് പറഞ്ഞു. ആരൊക്കെയോ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ഡീന്‍, അസിസ്റ്റന്റ് വാര്‍ഡന്‍ എന്നിവര്‍ക്ക് എതിരെ കൊലക്കുറ്റം ചേര്‍ക്കണം. കേസിന്റെ കാര്യത്തില്‍ തീരുമാനം ഉണ്ടായ ശേഷം കോളേജ് തുറന്നാല്‍ മതിയെന്നും ജയപ്രകാശ് പറഞ്ഞിരുന്നു. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി അച്ഛന്‍ ജയപ്രകാശ് വ്യക്തമാക്കിയിരുന്നു. തനിക്ക് വിശ്വാസം ഉണ്ടെന്നും മകന്റെ മരണത്തിലെ സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായും ജയപ്രകാശ് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com