പ്രവാസി വോട്ടുറപ്പിക്കാൻ ഷാഫി പറമ്പിൽ; ഗൾഫിലെത്തി വോട്ടുതേടി

യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗൾഫിലെത്തിയത്
പ്രവാസി വോട്ടുറപ്പിക്കാൻ ഷാഫി പറമ്പിൽ; ഗൾഫിലെത്തി വോട്ടുതേടി

കോഴിക്കോട്: ഗൾഫിലെത്തി പ്രവാസി വോട്ടുതേടി വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. യുഎഇയിലെയും ഖത്തറിലെയും പ്രവാസികളെ കണ്ട് വോട്ട് ചോദിക്കാന്‍ കഴിഞ്ഞ ദിവസമാണ് ഷാഫി ഗൾഫിലെത്തിയത്. വിമാന നിരക്കിലെ കൊള്ള, മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിലെ കുരുക്കുകള്‍, പ്രവാസി വോട്ടവകാശം എന്നിവയെല്ലാം ചർച്ചയാക്കി പരമാവധി പ്രവാസി വോട്ടുറപ്പിക്കാനാണ് ഷാഫിയുടെ ഗൾഫ് സന്ദർശനം. പ്രവാസി വോട്ട് നിർണായകമായ മണ്ഡലമാണ് വടകര. സാമ്പത്തിക ഭദ്രതയെ ബാധിക്കാത്ത തരത്തിലാണെങ്കിൽ വോട്ട്ചെയ്യാൻ നാട്ടിലേക്ക് വരണമെന്നാണ് ഷാഫി നടത്തിയ അഭ്യർത്ഥന. കൂടിയ ടിക്കറ്റ് നിരക്ക് മറികടക്കാൻ പ്രത്യേക വിമാനം ഉള്‍പ്പെടെ യുഡിഎഫിന്‍റെ പരിഗണനയിലുണ്ട്.

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കവെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പിനു മുൻപ് അടിയന്തര പണപ്പിരിവ് നടത്താൻ തയാറെടുക്കുകയാണ് കെപിസിസി. കൂപ്പൺ അടിച്ച് ബൂത്ത് തലം വരെ നൽകി പണം പിരിക്കാമെന്ന നിർദ്ദേശം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മുന്നോട്ടുവച്ചതായാണ് വിവരം. കൂടിയാലോചനകൾക്ക് ശേഷമേ ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്ന് എഐസിസി നേരത്തെ തീരുമാനിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കെപിസിസിയുടെ നീക്കം. മണ്ഡലങ്ങളില്‍ പ്രചാരണം നടത്താൻ നിലവില്‍ പാർട്ടിക്ക് സാധിക്കുന്നുണ്ട്. എന്നാൽ ഇനിയുള്ള ദിവസങ്ങളിൽ പ്രചാരണം കടുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെ വന്നാൽ പൊതുജനങ്ങളിൽ നിന്നും പണം സമാഹരിക്കാതെ മറ്റു മാർഗങ്ങളില്ലെന്നാണ് നേതാക്കളുടെ അനൗദ്യോഗിക യോഗത്തിലെ തീരുമാനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com