മന്ത്രി വീണയ്ക്ക് ഭരിക്കാൻ അറിയില്ല,സിദ്ധാർത്ഥൻ കൊല്ലപ്പെട്ടപ്പോൾ മന്ത്രി മൗനം പാലിച്ചു;ആൻ്റോ ആൻ്റണി

എസ്എഫ്ഐയുടെ പോലെ വ്യാജ രക്തസാക്ഷിപ്പട്ടിക കെഎസ്‌യുവിനില്ലെന്നും ആന്റോ ആൻ്റണി പറഞ്ഞു
മന്ത്രി വീണയ്ക്ക് ഭരിക്കാൻ അറിയില്ല,സിദ്ധാർത്ഥൻ കൊല്ലപ്പെട്ടപ്പോൾ മന്ത്രി മൗനം പാലിച്ചു;ആൻ്റോ ആൻ്റണി

തിരുവനന്തപുരം: രാജ്യത്തെ ജനകോടികളുടെ ജീവിതപ്രശ്നങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ കേരളത്തിലെ കലാലയങ്ങളിൽ വീണ ചോരയെപ്പറ്റി ചർച്ച ചെയ്യാം എന്നാണ് സിപിഐഎം പറയുന്നതെന്ന് പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർഥി ആൻ്റോ ആൻ്റണി. തെരുവുകളിൽ കൊല്ലപ്പെട്ട കെഎസ്‌യുക്കാർ അഭിമാനമല്ല വേദനയാണ്. എസ്എഫ്ഐക്കാർ ആരെയും കൊന്നിട്ടില്ലെന്നാണ് വെളുപ്പിക്കാൻ നടക്കുന്നവർ പറയുന്നത്. എസ്എഫ്ഐയുടെ പോലെ വ്യാജ രക്തസാക്ഷിപ്പട്ടിക കെഎസ്‌യുവിനില്ലെന്ന് ആന്റോ ആൻ്റണി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

മന്ത്രി വീണ ജോർജിന് എസ്എഫ്ഐക്കാരെ പറ്റി പറയാൻ നൂറ് നാവാണെന്നും അദ്ദേഹം വിമർശിച്ചു. എൻ്റെ ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പ് ഭരിക്കാൻ അറിയില്ലെങ്കിലും എസ്എഫ്ഐയെ പോലെയുള്ള ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നൂറ് നാവാണെന്നായിരുന്നു അദ്ദേഹം കുറിച്ചത്. മന്ത്രി വീണയ്ക്ക് ഭരിക്കാൻ അറിയില്ല. പൂക്കോട് വെറ്ററിനറി കോളേജിലെ വിദ്യാ‍ർത്ഥിയായ സിദ്ധാർത്ഥൻ കൊല്ലപ്പെട്ടപ്പോൾ മന്ത്രി വീണ മൗനം പാലിച്ചതായും ആൻ്റോ ആൻ്റണി കൂട്ടിച്ചേർത്തു.

കേരളത്തിൽ ഒരുപാട് ക്യാമ്പസുകളിലെ ഇടിമുറികളിൽ സിദ്ധാർത്ഥൻമാർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവർ കൊല്ലപ്പെടാത്തതുകൊണ്ട് നമ്മൾ അറിയുന്നില്ല. ഈ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ലെന്ന് ആൻ്റോ ആൻ്റണി പറഞ്ഞു. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്. രാജ്യ താല്പര്യം മുൻനിർത്തി വോട്ട് ചെയ്യണമെന്നും ചിഹ്നം സംരക്ഷിക്കാൻ മാത്രം ഇറങ്ങിയവർക്കും കൊലയാളികളെയും ക്രിമിനലുകളെയും ചേർത്തുപിടിക്കുന്നവർക്കും ഉചിതമായ മറുപടി കൊടുക്കണമെന്നും ജനാധിപത്യ വിശ്വാസികളോട് ആൻ്റോ ആൻ്റണി ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

രാജ്യം സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. രാജ്യവും ഭരണഘടനയും സ്വാതന്ത്ര്യവും ഒക്കെ നിലനിൽക്കാൻ വേണ്ടി ഇന്ത്യൻ നാഷണൽ കോൺഗ്രസ് വോട്ട് ചോദിക്കുകയാണ്. ഈ രാജ്യത്തെ ജനകോടികളുടെ ജീവിതപ്രശ്നങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചർച്ചയാക്കുമ്പോൾ കേരളത്തിലെ കലാലയങ്ങളിൽ വീണ ചോരയെപ്പറ്റി ചർച്ച ചെയ്യാം എന്നാണ് സിപിഎം പറയുന്നത്.

ഇന്നിൻ്റെ സാഹചര്യത്തിൽ പാർലമെൻ്റ് ഇലക്ഷൻ മുൻനിർത്തി നടത്തേണ്ട ചർച്ച അല്ലെങ്കിൽ പോലും സിദ്ധാർത്ഥനെ പോലെയൊരു കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ എസ്എഫ്ഐയെയും അവരെ സംരക്ഷിക്കുന്ന സിപിഎമ്മിനെയും പറ്റി പരാമർശിക്കാതെ പോകാൻ വയ്യ. ആദ്യമേ തന്നെ പറയട്ടെ കെഎസ് യുവിന് വേണ്ടി സംഘടനാ പ്രവർത്തനം നടത്തിയതിന്റെ പേരിൽ തെരുവുകളിൽ കൊല്ലപ്പെട്ട ഞങ്ങളുടെ പ്രവർത്തകരുടെ ഓർമ്മകൾ ഞങ്ങൾക്ക് അഭിമാനമല്ല, ഞങ്ങളുടെ വേദനയാണ്. ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടാൻ നിങ്ങൾ തയ്യാറായിരുന്നെങ്കിൽ ഞങ്ങൾക്ക് ഒരാളെയും നഷ്ടപ്പെടില്ലായിരുന്നു.

എസ്എഫ്ഐക്കാർ ആരെയും കൊന്നിട്ടില്ല എന്നാണ് ആ പ്രസ്ഥാനത്തെ വെളുപ്പിക്കാൻ നടക്കുന്നവർ പറഞ്ഞുവെക്കുന്നത്. ആലപ്പുഴ നഗരത്തിലെ ഒരു സ്കൂളിൽ സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ പോലും സ്കൂളിലിട്ട് കൊന്ന ചരിത്രമുണ്ട്, എഴുപതുകളുടെ മധ്യത്തിലെ എസ്എഫ്ഐക്ക്.

80കളിൽ തൃശ്ശൂരിലെ ഫ്രാൻസിസ് കരിപ്പയെ SFI - DYFI - CPM ഗുണ്ടകൾ സംഘം ചേർന്ന് കുത്തിക്കൊലപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ ഉടനീളം സംഘടനാ പ്രവർത്തനം മെച്ചപ്പെടുത്തിയതിന്റെ ഭാഗമായാണ് അമ്മയ്ക്ക് മരുന്ന് വാങ്ങാൻ ഇറങ്ങിയ സജിത്ത് ലാലിനെ അങ്ങാടിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പരസ്യമായി കൊലപ്പെടുത്തിയത്

കണ്ണൂരിലെ ഗോവിന്ദനും ആലപ്പുഴയിലെ പത്മരാജനും തുടങ്ങി മട്ടന്നൂരിൽ ഷുഹൈബും പെരിയയിലെ കൃപേഷും ശരത്ത് ലാലും വരെ കെഎസ്‌യു സംഘടന പ്രവർത്തനത്തിന്റെ പേരിൽ എസ് എഫ്ഐക്ക് വേണ്ടി കൊട്ടേഷൻ സംഘത്തിനാൽ കൊല്ലപ്പെട്ടവരാണ്.

കെഎസ് യു വിൻ്റെ പ്രവർത്തകരെ കൊല്ലാനായും ആക്രമിക്കാനുമായി എസ്എഫ്ഐ പലപ്പോഴും ഇറക്കുന്നത് ഡിവൈഎഫ്ഐ സിപിഎം ഗുണ്ടകൾക്കൊപ്പം കൊട്ടേഷൻ സംഘത്തെയും കൂടിയാണെന്നത് കാണാതെ പോകരുത്.

കോളേജിൽ സംഘർഷം ഉണ്ടായപ്പോൾ ആറ്റിൽ ചാടി രക്ഷപ്പെടാൻ നോക്കിയ എതിർ വിദ്യാർത്ഥി സംഘടനയിലെ പ്രവർത്തകരെ ഇഷ്ടികക്ക് എറിഞ്ഞു കൊന്ന അതിക്രൂരമായ ചരിത്രവും എസ് എഫ്ഐക്ക് ഉണ്ടെന്നത് മറന്നുപോകരുത്.

എസ്എഫ്ഐ പ്രസിദ്ധീകരിക്കുന്നത് പോലെ ഒരു നീളൻ 'വ്യാജ രക്തസാക്ഷി പട്ടിക ' ഒന്നും കെഎസ്‌യുവിനില്ല എന്നത് സത്യമാണ്. അപ്പൻഡിക്സ് പൊട്ടി മരിച്ചവരെയും ബോംബ് നിർമ്മാണത്തിനിടയിൽ കൊല്ലപ്പെട്ടവരെയും ഒക്കെ കൂട്ടിച്ചേർത്തുകൊണ്ട് രക്തസാക്ഷി പട്ടിക പുറത്തിറക്കി അതിൽ അഭിരമിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അതിൻ്റെ പോഷക സംഘടനകൾക്കോ കഴിയില്ല.ആവർത്തിക്കുന്നു, സംഘടനാ പ്രവർത്തനത്തിന്റെ ഇടയിൽ ഞങ്ങളുടെ പ്രവർത്തകരിൽ നിന്ന് വീണ ചോര ഞങ്ങളുടെ അഭിമാനമല്ല,വേദനയാണ്

എൻ്റെ ജില്ലയിൽ നിന്നുള്ള ആരോഗ്യമന്ത്രിക്ക് സ്വന്തം വകുപ്പ് ഭരിക്കാൻ അറിയില്ലെങ്കിലും എസ്എഫ്ഐയെ പോലെയുള്ള ക്രിമിനൽ സംഘങ്ങൾക്ക് വേണ്ടി സംസാരിക്കാൻ നൂറ് നാവാണ്. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി,സിദ്ധാർത്ഥനെ പോലെ ഒരു കുട്ടി കൊല്ലപ്പെട്ടപ്പോൾ പോലും മൗനം പാലിച്ച താങ്കളോടൊക്കെ ഞാൻ എന്തു മറുപടിയാണ് പറയേണ്ടത്? എൻ്റെ പാർട്ടിയുടെ പ്രവർത്തകർ അല്ലെങ്കിൽ പോലും പരുമല കോളേജിൽ എസ്എഫ്ഐക്കാർ എറിഞ്ഞു കൊന്ന വിദ്യാർത്ഥികളെ നിങ്ങൾ മറന്നിട്ടില്ലെന്ന് കരുതുന്നു.

കൊല്ലപ്പെട്ടവരുടെ കണക്ക് മാത്രമല്ല സുഹൃത്തുക്കളേ ആരുടെയൊക്കെയോ ഭാഗ്യംകൊണ്ട് കൊല്ലപ്പെടാതെ പോയ ആയിരക്കണക്കിന് കെ എസ് യു പ്രവർത്തകർ കേരളത്തിലുണ്ട്. അതിക്രൂരമായ ആക്രമണം ഏറ്റുവാങ്ങിയവർ, കോളേജിലെ പ്രശ്നങ്ങൾക്ക് പുറത്തുനിന്നും എസ്എഫ്ഐക്ക് വേണ്ടി ഇറങ്ങിയ ഗുണ്ടകളുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകർക്ക് കയ്യും കണക്കുമില്ല.

ഇപ്പോഴും കേരളത്തിൽ ഒരുപാട് ക്യാമ്പസുകളിൽ ഇടിമുറികളിൽ സിദ്ധാർത്ഥൻമാർ പീഡിപ്പിക്കപ്പെടുന്നുണ്ട്. അവർ കൊല്ലപ്പെടാത്തതുകൊണ്ട് നമ്മൾ അറിയുന്നില്ല. ഈ ആക്രമണങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന സംഘടനയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനവും ഒരു ജനാധിപത്യ സമൂഹത്തിന് ഒരിക്കലും ഭൂഷണമല്ല. രാജ്യത്തിന്റെ നിലനിൽപ്പിനു വേണ്ടിയിട്ടുള്ള പോരാട്ടത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് .രാജ്യ താല്പര്യം മുൻനിർത്തി വോട്ട് ചെയ്യണമെന്നും ചിഹ്നം സംരക്ഷിക്കാൻ മാത്രം ഇറങ്ങിയവർക്കും കൊലയാളികളെയും ക്രിമിനലുകളെയും ചേർത്തുപിടിക്കുന്നവർക്കും ഉചിതമായ മറുപടി കൊടുക്കണമെന്നും ജനാധിപത്യ വിശ്വാസികളോട് സവിനയം അഭ്യർത്ഥിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com