'ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ,ആ ഒറ്റപ്പെടൽ അറിയാൻ പോകുന്നതേയുള്ളൂ'; ശശിക്കെതിരെ മുഖ്യമന്ത്രി

'ചരിത്രം ഒരുകാലത്തും വഞ്ചകന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല'

'ചരിത്രം വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ,ആ ഒറ്റപ്പെടൽ അറിയാൻ പോകുന്നതേയുള്ളൂ'; ശശിക്കെതിരെ മുഖ്യമന്ത്രി
dot image

പാലക്കാട്: സിപിഐഎം വിടുകയും ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും ചെയ്യുന്ന പി കെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പി കെ ശശിയുടെ പേര് എടുത്ത് പറയാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ചരിത്രം ഒരുകാലത്തും വഞ്ചകന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്നും എല്ലാകാലത്തും ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ഒറ്റപ്പെടല്‍ വഞ്ചകന്മാര്‍ എല്ലാവരും അതിന്റെ ശരിയായ രീതിയില്‍ അറിയാന്‍ പോകുന്നതേയുള്ളൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഒറ്റപ്പാലത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'യുഡിഎഫ് എത്രമാത്രം ഗതികേടിലാണെന്ന് നോക്കണം. യുഡിഎഫിന്റെ ആ ഗതികേടിന്റെ ചിത്രം ഇവിടെ ശരിയായ രീതിയില്‍ കാണാന്‍ സാധിക്കും. ചരിത്രം ഒരു കാലത്തും വഞ്ചകന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. ചരിത്രം എല്ലാ കാലത്തും വഞ്ചകന്മാരെ ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ. ആ ഒറ്റപ്പെടല്‍ അതിന്റേതായ ശരിയായ രീതിയില്‍ വഞ്ചകന്മാര്‍ എല്ലാവരും അനുഭവിക്കാന്‍ പോകുന്നതേയുള്ളൂ. നാടിനെ പരിഹസിക്കാനും നാട്ടുകാരെ വിലകുറച്ച് കാണാനും ബഹുജനങ്ങളെ അവമതിക്കാനും തയ്യാറാകുന്ന ഒരാളും ഒരുകാലത്തും രക്ഷപ്പെട്ടിട്ടില്ല' എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

കേരളം രക്ഷപ്പെടാന്‍ പാടില്ലെന്നും കേരളം തകരണമെന്നുമുള്ള സമീപനമാണ് കേന്ദ്ര സര്‍ക്കാരിനെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേരളം മതനിരപേക്ഷതയുടെ വിളനിലമാണ്. കേരളത്തിന് ആര്‍എസ്എസിനെയും ബിജെപിയെയും സ്വീകരിക്കാനാവില്ല. കേരളം രക്ഷപ്പെടാതിരിക്കണം എന്ന ബിജെപിയുടെ നയത്തെ യുഡിഎഫ് ചോദ്യം ചെയ്യുന്നില്ല. പാര്‍ലമെന്റില്‍ നിര നിരയായി ഇരിക്കുന്ന യുഡിഎഫ് എംപിമാര്‍ ആരും അതിന് ശ്രമിക്കുന്നില്ല. ബിജെപിയോട് ഒപ്പം ചേര്‍ന്ന് കേരളം തകരട്ടെ എന്നാണ് യുഡിഎഫും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മാര്‍ച്ച് അഞ്ചിനായിരുന്നു സിപിഐഎം വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് പി കെ ശശി പാര്‍ട്ടി വിടുന്നുവെന്നുള്ള നിലപാട് പരസ്യമാക്കിയത്. സിപിഐഎമ്മിനും പാര്‍ട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവിനുമെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. ഇതിന് പിന്നാലെ പി കെ ശശിയെ സിപിഐഎം പുറത്താക്കി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം സിപിഐഎമ്മിനുണ്ടെന്നായിരുന്നു ഇതിനോട് പി കെ ശശി പ്രതികരിച്ചത്. ഇതിന് പിന്നാലെ പി കെ ശശി കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിക്കുകയും ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനും തീരുമാനിക്കുകയായിരുന്നു.

Content Highlights- Kerala Chief Minister Pinarayi Vijayan against p k sasi in election convention in ottappalam

dot image
To advertise here,contact us
dot image