'പുഷ്പനെ ഓർമ്മയുണ്ട്, ആ സമരത്തിൽ പങ്കെടുത്തവരാണ് ഞങ്ങൾ'; കെ എൻ ബാലഗോപാൽ

വിദേശ സർവകലാശാലയുടെ കാര്യത്തിൽ ചർച്ച ആകാം എന്നേ പറഞ്ഞുള്ളു
'പുഷ്പനെ ഓർമ്മയുണ്ട്, ആ സമരത്തിൽ പങ്കെടുത്തവരാണ് ഞങ്ങൾ'; കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: പുഷ്പനെ ഓർമ്മയുണ്ടെന്നും ആ സമരത്തിൽ പങ്കെടുത്തവരാണ് ഞങ്ങൾ എല്ലാവരുമെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ നിയമസഭയിൽ. വിദേശ സർവ്വകലാശാല വിഷയത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. വിദേശ സർവകലാശാലയുടെ കാര്യത്തിൽ ചർച്ച ആകാം എന്നേ പറഞ്ഞുള്ളുവെന്നും മന്ത്രി വ്യക്തമാക്കി. ബജറ്റ് ചർച്ചയ്ക്ക് മറുപടി പറയുമ്പോഴായിരുന്നു വിദേശ സർവ്വകലാശാലയെ സംബന്ധിച്ച ബജറ്റ് പരാമർശത്തിൽ മന്ത്രി കൂടുതൽ വ്യക്തത വരുത്തിയത്.

കാലം മാറുമ്പോൾ ആ കാലത്തെ മനസിലാക്കണം. കുട്ടികൾ എല്ലാം പുറത്തേക്ക് പോകുന്നു, അതിന് പരിഹാരം വേണം. നാൽപത് വർഷം മുൻപ് ട്രാക്ടറിനെതിരെ സമരം ചെയ്തിട്ടുണ്ട്. അന്ന് പത്ത് മൂവ്വായിരം തൊഴിലാളികൾ ജോലിക്ക് നിൽക്കുമ്പോൾ യന്ത്രമെന്തിനെന്നായിരുന്നു ചോദ്യം. പക്ഷെ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല, അന്യസംസ്ഥാനങ്ങളിൽ നിന്നാണ് തൊഴിലാളികൾ വരുന്നത്. കാലം മാറുന്നത് മനസിലാക്കണമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.

വിദേശ സർവകലാശാല വിഷയത്തിൽ നയം സ്വീകരിച്ചിട്ടില്ല. ചർച്ചകൾ വേണമെന്നാണ് പറഞ്ഞത്. ചർച്ചകൾ പോലും പാടില്ലെന്ന നിലപാട് ശരിയല്ല. പാർട്ടിയുടെ നയം അല്ല ഇതല്ലെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടി സെക്രട്ടറി പറഞ്ഞത് പോലെ പാർട്ടിയല്ല സർക്കാരാണ് ചർച്ച മുന്നോട്ടു വെച്ചതെന്നും മന്ത്രി വ്യക്തമാക്കി.

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ടെന്നും ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ പിണറായി മന്ത്രിസഭ സിപിഐഎമ്മിൻ്റെ പ്രഖ്യാപിത നയങ്ങളിൽ നിന്നും പിന്നാക്കം പോകുന്നുവെന്ന വിമർശനം ഉയർന്നിരുന്നു. വിദേശ സർവ്വകലാശാലകൾ സംബന്ധിച്ച ബജറ്റ് നിർദ്ദേശത്തിനെതിരെ ഇടതുമുന്നണിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. എസ്എഫ്ഐയും ഈ നീക്കത്തിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു. വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ ഗണേഷും രംഗത്ത് വന്നിരുന്നു. വിദേശ സർവകലാശാലകൾ വാണിജ്യ സ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു കെ എൻ ഗണേഷിൻ്റെ വിമർശനം.

വിദേശ സര്‍വകലാശാല വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് ധനകാര്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. വിദേശ സര്‍വകലാശാലകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു ഇടതുമുന്നണി കൺവീനർ ഇ പി ജയരാജൻ്റെ പ്രഖ്യാപനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com