'മാവേലിയെ പറയിക്കരുത്'; വിലകുറയുന്നത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് ഷാഫി, സഭയില്‍ സപ്ലൈകോ തര്‍ക്കം

പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു
'മാവേലിയെ പറയിക്കരുത്'; വിലകുറയുന്നത് മുഖ്യമന്ത്രിക്ക് മാത്രമെന്ന് ഷാഫി, സഭയില്‍ സപ്ലൈകോ തര്‍ക്കം

തിരുവനന്തപുരം: സപ്ലൈകോ വിലക്കയറ്റത്തില്‍ പ്രക്ഷുബ്ദമായി നിയമസഭ. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. മാവേലി സ്‌റ്റോറിന്റെ പേര് മാറ്റി കെ വെച്ച് ഒരു പേരിട്ടാല്‍ നന്നാകുമെന്ന് ഷാഫി പറമ്പില്‍ വിമര്‍ശിച്ചു. സംസ്ഥാനത്ത് മുഖ്യമന്ത്രിക്ക് മാത്രമാണ് വില കുറയുന്നതെന്നും മറ്റെല്ലാ സാധനങ്ങള്‍ക്കും വിലക്കയറ്റമാണെന്നും ഷാഫി പരിഹസിച്ചു. മറുപടിയുമായി മന്ത്രി ജി ആര്‍ അനിലും രംഗത്തെത്തി. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.

സപ്ലൈകോയില്‍ പ്രയാസങ്ങള്‍ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നിയമസഭയില്‍ പറഞ്ഞു. ഏതാനും മാസങ്ങളായി അവശ്യസാധനങ്ങളില്‍ കുറവുണ്ട്. പ്രയാസങ്ങള്‍ താല്‍കാലികം മാത്രമാണ്. പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. സപ്ലൈകോയില്‍ പ്രശ്‌നമുണ്ടെന്ന് വരുത്തി തീര്‍ത്ത് വിപണിയിലേക്ക് കടന്നുവരാന്‍ കുത്തകകള്‍ ശ്രമിക്കുന്നുണ്ട്. ഇതില്‍ പ്രതിപക്ഷം വീണു പോകരുതെന്നും മന്ത്രി സഭയില്‍ പറഞ്ഞു.

പ്രതിപക്ഷം കുത്തകകള്‍ക്ക് വേണ്ടിയല്ല സംസാരിക്കുന്നതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ഇതിന് മറുപടിയായി പറഞ്ഞു. ഈ വിമര്‍ശനം ഉന്നയിക്കേണ്ടത് സഭയുടെ മുന്‍നിരയില്‍ ഇരിക്കുന്നവര്‍ക്ക് നേരെയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു. സപ്ലൈകോ വിഷയത്തില്‍ മന്ത്രി പ്രതിപക്ഷത്തിനൊപ്പമാണ് നില്‍ക്കേണ്ടത്. സപ്ലൈകോയില്‍ പ്രശ്‌നമുണ്ടെന്ന് മന്ത്രിയുടെ ഭാര്യയ്ക്ക് വരെ മനസിലായി. പണം അനുവദിക്കുന്നില്ലെന്ന് മന്ത്രി തന്നെ സഭയില്‍ രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ടെന്നും ഷാഫി ചൂണ്ടിക്കാട്ടി.

ദയവ് ചെയ്ത് മാവേലിയെ പറയിക്കരുതെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു. മാവേലി സ്റ്റോറില്‍ പോയി വരുന്നവര്‍ക്ക് നിരാശയാണ്. മാവേലിയെ പറയിപ്പിക്കുന്നത് നിര്‍ത്തണം. മാവേലി സ്റ്റോറിന്റെ പേര് മാറ്റുക. കെ വെച്ച് ഒരു പേരിട്ടാല്‍ നന്നാവും. ഇവിടെ മുഖ്യമന്ത്രിക്ക് മാത്രമാണ് വില കുറയുന്നത്. ബാക്കി എല്ലാ സാധനങ്ങള്‍ക്കും വില കൂടുകയാണെന്നും ഷാഫി വിമര്‍ശിച്ചു.

പ്രസംഗത്തില്‍ ഷാഫി പറമ്പില്‍ കേന്ദ്രത്തിനെതിരെ സംസാരിച്ചില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍ മറുപടി പറയവെ ചൂണ്ടിക്കാട്ടി. അന്തര്‍ധാര കാണാനുണ്ട്. ചിലരൊക്കെ പ്രധാനമന്ത്രിയുടെ ഊണ് കഴിക്കാന്‍ പോയിട്ടുണ്ട്. പ്രതിസന്ധി ഉണ്ടെന്നുള്ളത് വസ്തുതയാണ്. കേന്ദ്രം പണം അനുവദിക്കാത്തത് ക്ഷേമ പ്രവര്‍ത്തനങ്ങളെ ബാധിച്ചു. സപ്ലൈകോയെ സംരക്ഷിക്കാന്‍ നടപടികള്‍ സ്വീകരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

വിപണി ഇടപെടലില്‍ സപ്ലൈകോ പരാജയമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ വിമര്‍ശിച്ചു. ക്രിസ്മസ് ചന്തകളില്‍ പോലും സാധനങ്ങള്‍ ഉണ്ടായിരുന്നില്ല. അടിയന്തര പ്രമേയം കൊണ്ടുവന്നതില്‍ ഏറ്റവും സന്തോഷിക്കുന്നത് ഭക്ഷ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുമായിരിക്കും. യുഡിഎഫ് ഭരണകാലത്ത് ഏതെങ്കിലും ഒരു സാധനം സപ്ലൈകോയില്‍ ഇല്ലാതിരുന്നിട്ടുണ്ടോ എന്നും സതീശന്‍ ചോദിച്ചു.

വന്‍തുക കുടിശ്ശികയുള്ളപ്പോള്‍ ഒരു രൂപ പോലും സപ്ലൈകോയ്ക്ക് അനുവദിക്കുന്നില്ലെന്നും കുത്തക കമ്പനികള്‍ക്ക് വഴിയൊരുക്കാന്‍ സപ്ലൈകോക്ക് ദയാവധം ഒരുക്കുകയാണ്. മന്ത്രിയുടെ കൈകള്‍ കെട്ടിയിട്ടിരിക്കുകയാണ്. വകുപ്പിന് പ്രവര്‍ത്തിക്കാനാകുന്നില്ലെന്നും വി ഡി സതീശന്‍ നിയമസഭയില്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com