യുഡിഎഫ് ഏകോപന സമിതി യോഗം നാളം; സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും

നാളെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയാല്‍ പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും
യുഡിഎഫ് ഏകോപന സമിതി യോഗം നാളം; സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമുണ്ടാകും

തിരുവനന്തപുരം: യുഡിഎഫ് ഏകോപന സമിതി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. ലോക്‌സഭാ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം യോഗത്തില്‍ ഉണ്ടാകും. മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്ന മുസ്ലിം ലീഗ് നിലപാട് മയപ്പെടുത്തുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ.

മുസ്ലിം ലീഗ് മൂന്നാം സീറ്റ് ആവശ്യത്തില്‍ ഉറച്ചു നിന്നത് യുഡിഎഫ് സീറ്റ് വിഭജനത്തില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. നാളെ ചേരുന്ന യുഡിഎഫ് ഏകോപന സമിതി ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അധിക സീറ്റ് ആവശ്യപ്പെട്ട ലീഗിനെ അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. എന്നാല്‍ മൂന്നാം സീറ്റ് ഇല്ലെങ്കില്‍ രാജ്യസഭാ സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ലീഗ്. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അടക്കം ലീഗ് നേതാക്കളുമായി അനുനയത്തിന് ശ്രമം നടത്തും. ഇതിലൂടെ ലീഗ് നിലപാട് മയപ്പെടുത്താമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. മുസ്ലിം ലീഗ് യോഗവും നാളെ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസ് നിലപാട് അടക്കം ചര്‍ച്ചയായേക്കും.

യോഗ തീരുമാനം യുഡിഎഫ് യോഗത്തില്‍ അറിയിക്കും. കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി ഉഭയകക്ഷി ചര്‍ച്ചകള്‍ നേരത്തെ പൂര്‍ത്തിയായതാണ്. ലീഗ് വഴങ്ങിയാല്‍ 16 സീറ്റുകളില്‍ മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. നാളെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയാല്‍ പിന്നാലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കും. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് ജോസഫ്, ആര്‍എസ്പി സ്ഥാനാര്‍ത്ഥികളെ നാളെയോ മറ്റെന്നാളോ പ്രഖ്യാപിച്ചിച്ചേക്കും. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും ഏറെ വൈകില്ല. 15ന് ഡല്‍ഹിയില്‍ സ്റ്റിയറിങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. തര്‍ക്കമില്ലാത്ത സീറ്റുകളില്‍ ആദ്യ റൗണ്ടില്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത.

Related Stories

No stories found.
logo
Reporter Live
www.reporterlive.com