ആനപ്പേടിയിൽ വയനാട്; അജിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം, വനംവകുപ്പിന് വീഴ്ചപറ്റിയെന്ന് ആരോപണം

മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
ആനപ്പേടിയിൽ വയനാട്; അജിയുടെ മരണത്തിൽ നാട്ടുകാരുടെ പ്രതിഷേധം, വനംവകുപ്പിന് വീഴ്ചപറ്റിയെന്ന് ആരോപണം

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം കൂടി സംഭവിച്ച സാഹചര്യത്തിൽ പ്രതിഷേധവുമായി നാട്ടുകാർ. ഇന്ന് രാവിലെയാണ് കർണാടകയിൽ നിന്ന് റേഡിയോ കോളർ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കൽ അജിയാണ് കാട്ടാന ആക്രമണത്തിൽ മരിച്ചത്. വീട്ടിലേക്ക് കയറിവന്ന ആന അജിയെ പുറകെ ഓടിച്ചിട്ട് കുത്തുകയായിരുന്നു.

കാട്ടാന ജനവാസ മേഖലയിലിറങ്ങിയ വിവരം ലഭിച്ചിട്ടും ജനങ്ങളെ അറിയിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പത്ത് മിനുട്ട് മുമ്പ് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ അജിയുടെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് ഇവർ പറയുന്നത്. ആന ഇപ്പോൾ കൊയിലേരി താന്നിക്കൽ മേഖലയിലാണുള്ളത്. അജിയുടെ മൃതദേഹം സൂക്ഷിച്ച ആശുപത്രിയിലും ആളുകൾ പ്രതിഷേധിക്കുകയാണ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ സമ്മതിക്കാതെയാണ് നാട്ടുകാരുടെ പ്രതിഷേധം.

ആന ഇറങ്ങിയതോടെ മാനന്തവാടി പ്രദേശത്തെ നാല് മേഖലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുക്കന്മൂല, പയ്യമ്പള്ളി, കാടൻകൊല്ലി, കുറുവ മേഖലയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com