'സര്‍ക്കാരിന്റെ ഡല്‍ഹി സമരം തിരഞ്ഞെടുപ്പ് പ്രചാരണം'; എം എം ഹസ്സന്‍

ഏഴ് വര്‍ഷമായി പിണറായി മുഖ്യമന്ത്രിയാണ്. ആദ്യമായാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു
'സര്‍ക്കാരിന്റെ ഡല്‍ഹി സമരം തിരഞ്ഞെടുപ്പ് പ്രചാരണം'; എം എം ഹസ്സന്‍

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തിനെതിരെ വിമര്‍ശനവുമായി എം എം ഹസ്സന്‍. കേന്ദ്രത്തിനെതിരെ നടത്തുന്ന സമരത്തെ തിരഞ്ഞെടുപ്പ് പ്രചാരണം എന്നാണ് എം എം ഹസ്സന്‍ വിശേഷിപ്പിച്ചത്. ഏഴ് വര്‍ഷമായി പിണറായി മുഖ്യമന്ത്രിയാണ്. ആദ്യമായാണ് ഡല്‍ഹിയില്‍ സമരം നടത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

നികുതി പിരിക്കുന്നതില്‍ സര്‍ക്കാര്‍ അലസത കാട്ടി. നികുതി കൃത്യമായി പിരിച്ചിരുന്നെങ്കില്‍ സാമ്പത്തിക പ്രതിസന്ധി ഒഴിവാകുമായിരുന്നുവെന്ന് പറഞ്ഞ ഹസ്സന്‍, പ്രതിപക്ഷത്തെ സമരത്തിന് ക്ഷണിച്ചത് കല്യാണത്തിന് വിളിക്കുന്നത് പോലെയാണെന്നും പരിഹസിച്ചു. സമരത്തിന് വരുന്നുണ്ടെങ്കില്‍ വരാം എന്നായിരുന്നു നിലപാട്. കേന്ദ്രത്തെ വിമര്‍ശിക്കുന്നതിനേക്കാള്‍ പ്രതിപക്ഷത്തെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശിക്കുന്നതെന്നും എം എം ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ ധനപ്രതിസന്ധിക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയും അഴിമതിയുമാണ് കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിട്ടതെന്നും അതില്‍ നിന്ന് തടിയൂരാനുള്ള ശ്രമമാണ് ഡല്‍ഹി സമരമെന്നും സതീശന്‍ ആരോപിച്ചു. കര്‍ണാടക സര്‍ക്കാര്‍ നടത്തുന്നത് വേറെ സമരമാണ്. അതിനെ കേരളത്തിലെ കോണ്‍ഗ്രസ് പിന്തുണക്കുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

സര്‍ക്കാരിന്റെ ഡല്‍ഹിയിലെ സമരം തട്ടിപ്പാണെന്നാണ് രമേശ് ചെന്നിത്തലയും പ്രതികരിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണ് നടത്തുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കണ്ട് മുഖ്യമന്ത്രിക്ക് മുട്ടുവിറയ്ക്കുകയാണ്. രാഷ്ട്രീയ സമരത്തിന് മുഖ്യമന്ത്രി നിര്‍ബന്ധിതമായി. തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇത് കേരള ജനത തള്ളിക്കളയുമെന്നും ചെന്നിത്തല പറഞ്ഞു. ആത്മാഭിമാനമുള്ള ആരും ഡല്‍ഹി സമരത്തില്‍ പങ്കെടുക്കില്ലെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്. രാഷ്ട്രീയ ലാഭമുണ്ടാക്കാന്‍ ആയുധമായി കേന്ദ്ര വിരുദ്ധ സമരത്തെ വിനിയോഗിക്കുകയാണെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com