അയോധ്യാ രാമക്ഷേത്ര വിഷയത്തിലെ നിലപാട്; സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമിയുടെ എഡിറ്റോറിയല്‍

രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകരവുമാണെന്നാണ് ജന്മഭൂമി എഡിറ്റേറിയൽ നിലപാട്
അയോധ്യാ രാമക്ഷേത്ര വിഷയത്തിലെ നിലപാട്; സാദിഖലി തങ്ങളെ പ്രകീര്‍ത്തിച്ച് ജന്മഭൂമിയുടെ എഡിറ്റോറിയല്‍

കൊച്ചി: അയോധ്യാ രാമക്ഷേത്ര വിഷയത്തില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ പ്രകീര്‍ത്തിച്ച് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ എഡിറ്റോറിയല്‍. രാജ്യത്തിന്റെ മുഴുവന്‍ അഭിമാനമായി അയോധ്യയില്‍ ഉയര്‍ന്നുവന്നിരിക്കുന്ന രാമക്ഷേത്രത്തെ പിന്തുണച്ചുകൊണ്ടുള്ള മുസ്ലിം ലീഗ് നിലപാട് ഒരേസമയം സ്വാഗതാര്‍ഹവും കൗതുകരവുമാണെന്നാണ് ജന്മഭൂമി എഡിറ്റേറിയൽ നിലപാട്.

രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിന്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തില്‍ അത് അംഗീകരിക്കപ്പെടേണ്ടതാണെന്നും വ്യക്തമാക്കിയിരിക്കുന്നത് മുസ്ലിം ലീഗിന്റെ പരമോന്നത നേതാവായ സാദിഖലി തങ്ങളാണെന്നും എഡിറ്റോറിയല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. രാമക്ഷേത്രവും നിര്‍മിക്കാന്‍ പോകുന്ന മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തുമെന്നും, കോടതിവിധി അനുസരിച്ചാണ് ക്ഷേത്രം നിര്‍മിച്ചതെന്നും ലീഗിന്റെ അധ്യക്ഷന്‍ ഔദ്യോഗികമായി പറഞ്ഞിരിക്കുന്നതില്‍ തീര്‍ച്ചയായും പുതുമയുണ്ടെന്നും എഡിറ്റോറിയല്‍ വ്യക്തമാക്കുന്നു. മുസ്ലിംലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്ക്ക് അത് ശരിയായ നിലപാടാണ്. അന്ധമായ ഹിന്ദുവിരോധം കൊണ്ടുനടക്കുന്നവരെ ലീഗിന്റെ നിലപാട് വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കുമെന്ന് കരുതാമെന്നും എഡിറ്റോറിയല്‍ പ്രത്യാശിക്കുന്നു.

രാമക്ഷേത്രം മുസ്ലീങ്ങള്‍ക്കെതിരല്ലെന്നും, തര്‍ക്കമന്ദിരം മസ്ജിദായി കരുതുന്നുവെങ്കില്‍ അത് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാവുന്നതാണെന്നും അയോധ്യാ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയവര്‍ തുടക്കംമുതല്‍ പറയുന്നതാണ്. സുപ്രീംകോടതി വിധിയുടെ അന്തഃസത്തയും ഇതുതന്നെയായിരുന്നല്ലോ. മുസ്ലിംലീഗിനെപ്പോലെ ഒരു കക്ഷി ഈ നിലപാടിലേക്ക് എത്തിച്ചേര്‍ന്നതില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കണ്ടേക്കാമെങ്കിലും ഇന്നത്തെ നിലയ്ക്ക് അത് ശരിയായ നിലപാടാണെന്നും എഡിറ്റോറിയല്‍ ഹൈലൈറ്റ് ചെയ്യുന്നുണ്ട്.

രാമക്ഷേത്ര നിർമ്മാണത്തിനെതിരെ പ്രതിഷേധിക്കേണ്ടതില്ലെന്ന് നേരത്തെ സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. രാമക്ഷേത്രം ഭൂരിപക്ഷ സമുദായത്തിൻ്റെ ആവശ്യമാണെന്നും ബഹുസ്വര സമൂഹത്തിൽ അത് അംഗീകരിക്കപ്പെടേണ്ടതാണ് എന്നുമായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. അയോധ്യയിലെ രാമക്ഷേത്രവും മസ്ജിദും മതേതരത്വത്തെ ശക്തിപ്പെടുത്തും. കോടതി വിധിയനുസരിച്ച് നിർമ്മിച്ചതാണ് രാമക്ഷേത്രം. കോടതി വിധിയനുസരിച്ച് നിർമ്മിക്കാനിരിക്കുന്നതാണ് മസ്ജിദ്. ഇത് രണ്ടും ഇന്ത്യയുടെ ഭാ​ഗമാണ്. ഇന്ത്യയുടെ മതേതരത്വത്തെ ശക്തിപ്പെടുത്തുന്ന മികച്ച ഉദാഹരണങ്ങളാണ്. ബാബറി മസ്ജിദ് തകർത്തതിൽ അന്ന് പ്രതിഷേധമുണ്ടായിരുന്നു. അന്ന് സഹിഷ്ണുതയോടെ സമുദായം പ്രതികരിച്ചു എന്നും സാദിഖലി തങ്ങൾ പറഞ്ഞിരുന്നു. മലപ്പുറം ജില്ലയിലെ പുൽപ്പറ്റയിൽ നടന്ന പരിപാടിയിലായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം. 

Related Stories

No stories found.
logo
Reporter Live
www.reporterlive.com