'സമയത്ത് ഭക്ഷണം കൊടുക്കാം, ആളില്ലാതെ തന്നെ' ; അരുമകൾക്ക് ഫീഡിങ് സിസ്റ്റവുമായി പത്താംക്ലാസുകാരൻ

ഹിദാഷിന് ഇപ്പോൾ 35ലേറെ വളർത്തു പക്ഷികളും പറക്കും അണ്ണാൻ എന്നറിയപ്പെടുന്ന ഷു​ഗർ ​ഗ്ലൈഡറും സ്വന്തമായുണ്ട്. ഇവയുടെ പരിപാലനത്തിനായാണ് കൊച്ചു മിടുക്കന്റെ ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സി​സ്റ്റം എന്ന കണ്ടെത്തൽ.
'സമയത്ത് ഭക്ഷണം കൊടുക്കാം, ആളില്ലാതെ തന്നെ' ; അരുമകൾക്ക് ഫീഡിങ് സിസ്റ്റവുമായി പത്താംക്ലാസുകാരൻ

സ്നേഹിക്കുന്നവരുടെ അരികിലേക്ക് എത്തിച്ചേരാനും അവരോടൊപ്പം സമയം ചെലവിടാനും ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. തളർന്ന് വീട്ടിലേക്ക് എത്തുമ്പോൾ ഓടിവന്ന് ചേർന്നിരിക്കാനും പരിഭവം പ്രകടിപ്പിക്കാനുമൊക്കെ ഒരു പെറ്റ് കൂടെയുണ്ടെങ്കിലോ? ഇതെല്ലാമാണെങ്കിലും ഈ സ്നേഹം അറിഞ്ഞവരും അറിയാനാഗ്രഹിക്കുന്നവരും ഒരു പോലെ നേരിടുന്ന ആശങ്കയാണ് വളർത്തുമൃഗങ്ങളുടെ പരിപാലനം എന്നത്. എന്നാൽ ഈ പ്രതിസന്ധിയെ സമർത്ഥമായി മറികടന്നിരിക്കുകയാണ് പത്താം ക്ലാസ് വിദ്യാർഥി ഹിദാഷ്.

വീട്ടിലെ അം​ഗങ്ങള്‍ തന്നെയായ പെറ്റ്സിന് യാത്രകൾ ചെയ്യുമ്പോൾ എങ്ങനെ ഭക്ഷണം കൊടുക്കുമെന്ന ഹിദാഷിന്റെ ചിന്തയാണ് ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സി​സ്റ്റം എന്ന ആശയത്തിലേയ്ക്ക് നയിച്ചത്. കുടുംബം ഒന്നിച്ച് യാത്ര പ്ലാൻ ചെയ്യുമ്പോൾ ഹിദാഷിന് ത​ന്റെ വളർത്തുമൃ​ഗങ്ങളുടെ പരിപാലനം ഉള്ളതിനാൽ ഈ യാത്രകളെ ഒഴിവാക്കേണ്ടിവന്നു. ഈ പ്രശ്നത്തിന് ഒരു പരിഹാരമായാണ് ഹിദാഷ് ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സി​സ്റ്റം കണ്ടുപിടിച്ചതെങ്കിലും അത് വളര്‍ത്തുമൃ​ഗങ്ങളെ സ്നേഹിക്കുന്ന എല്ലാവർക്കും ഉപകാരമാകും എന്നത് ഉറപ്പാണ്.

പൈത്തൺ കോഡിങ്ങിലൂടെ ഇ​ന്റ​ഗ്രേറ്റഡ് സർക്ക്യൂട്ടി​ന്റെ (ഐസി) സഹായത്താലാണ് ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സിസ്റ്റം പ്രവർത്തിപ്പിക്കുന്നത്. ത​ന്റെ ആവശ്യത്തിനായി സ്വയം നിർമ്മിച്ച ഒരു ആപ്ലിക്കേഷ​നും ഓട്ടോമാറ്റിക്ക് ബോർഡ് ഫീഡിങ് സി​സ്റ്റം പ്രവർത്തിപ്പിക്കുന്നതിനായി ഹിദാഷ് ഉപയോ​ഗിക്കുന്നു. സാധാരണ സന്ദേശമയക്കാൻ ഉപയോ​ഗിക്കുന്ന ആപ്ലിക്കേഷനുകൾ പോലെ തന്നെയാണ് ഇതിന്റെയും ഉപയോ​ഗം. ആപ്പ് ഓപ്പണാക്കി ഫുഡ് എന്ന് സന്ദേശം അയച്ചാൽ കൂട്ടിൽ ഫുഡ് ലഭ്യമാകുന്ന രീതിയിലാണ് പ്രവർത്തനം.

വളർത്തു മൃ​ഗങ്ങൾക്കായി നൽകുന്ന ഭക്ഷണം കേട് കൂടാതെ സൂക്ഷിക്കുന്നതിനായി ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സി​സ്റ്റത്തോട് ചേർന്ന് റഫ്രിജറേറ്റർ പോലെ പ്രവർത്തിക്കുന്ന ഒരു സംവിധാനവും ഇതിലുണ്ട് . 17 ഡി​ഗ്രിയിൽ എത്തിയാൽ ഓട്ടോമാറ്റിക്കായി കട്ടാവുന്ന ഫ്രീസിങ് സിസ്റ്റവും ഇതിൽ ചേർത്തിട്ടുണ്ട്. കൂടിനോട് ഘടിപ്പിച്ചിട്ടുള്ള ടാങ്കിൽനിന്ന് ഫീഡിങ് സംവിധാനവുമായി ഘടിപ്പിച്ചിരിക്കുന്ന പൈപ്പുവഴി കുടിവെള്ളം പക്ഷിക്കൂടിനുള്ളിലെ ചെറിയ പാത്രങ്ങളിലെത്തും. അളവിനനുസരിച്ചുള്ള ഭക്ഷണമേ ഈ സംവിധാനത്തിലൂടെ ഒരു നേരം ലഭിക്കുകയുള്ളു. അമിതമായി ഫുഡ് ഉള്ളിൽ ചെല്ലുന്നത് പക്ഷികളിൽ ആരോ​ഗ്യപ്രശ്നം ഉണ്ടാക്കും എന്ന പ്രതിസന്ധിയും ഇവിടെ പരിഹരിക്കപ്പെടുന്നു.

മിനിയേച്ചർ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ഓട്ടോമാറ്റിക്ക് ബേർഡ് ഫീഡിങ് സി​സ്റ്റത്തി​ന്റെ നിർമ്മിതിയിലൂടെ കേന്ദ്ര സർക്കാർ നൽകുന്ന ഇൻസ്പേർ അവാർഡിന് മത്സരിക്കാൻ അർഹനായിരിക്കുകയാണ് ഹിദാഷ്. അതി​ന്റെ ആദ്യപടി ആയി ജില്ലാതലത്തിൽ വിജയിക്കുകയും സംസ്ഥാനതല മത്സരത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

അമ്മയിൽ നിന്നുള്ള പ്രചോദനമാണ് ഹിദാഷിന് വളർത്തുമൃ​ഗങ്ങളോട് അടുപ്പമുണ്ടാകാനുള്ള കാരണം. ത​ന്റെ മൂന്നാം വയസ്സിൽ ​ഗപ്പി മീൻ വളർത്താൻ തുടങ്ങിയ ഹിദാഷിന് ഇപ്പോൾ 35ലേറെ വളർത്തു പക്ഷികളും പറക്കും അണ്ണാൻ എന്നറിയപ്പെടുന്ന ഒരു ഷു​ഗർ ​ഗ്ലൈഡറും സ്വന്തമായുണ്ട്. ത​ന്റെ വളർത്ത് മൃ​ഗങ്ങളുടെ എണ്ണവും അതിനായി കണ്ടെത്തിയ പുതിയ സാങ്കേതികവിദ്യയും കൂട്ടുകാരിൽ ആവേശവും ഒപ്പം പ്രചോദനവും ഉണ്ടാക്കിയിട്ടുണ്ടെന്ന് ​ഹിദാഷ് പറഞ്ഞു. കൂടാതെ തടസ്സപ്പെട്ടിരുന്ന യാത്രകളും തുടരാനായതി​ന്റെ ആവേശത്തിലാണ് ഹിദാഷ്. വളർത്തുമൃ​ഗ പരിപാലനത്തിൽ മികവ് തെളിയിച്ച ഹിദാഷ് പഠനകാര്യത്തിലും മുന്നിൽ തന്നെയാണ്.

കണ്ണാടിപ്പറമ്പ് ജിഎച്ച്എസ്എസ് സ്കൂൾ വിദ്യാർഥിയായഹിദാഷ്, കണ്ണൂർ കോട്ടക്കുന്നത്ത് സി റഫീക്കി​ന്റെയും കണ്ണാടിപ്പറമ്പ് സ്കൂളിലെ അധ്യാപികയായ അസ്മാബിയുടെയും മകനാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com