'അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചു'; ശ്രീകുമാരൻ തമ്പി

'സാംസ്കാരിക മന്ത്രി പറഞ്ഞാലും ഇനി കേരളഗാനം എഴുതില്ല'
'അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചു'; ശ്രീകുമാരൻ തമ്പി

തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി അവസരമുണ്ടാക്കി അപമാനിച്ചുവെന്ന് കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി. തന്നോട് എഴുതാൻ പറഞ്ഞിട്ട് ഹരിനാരായണന്റെ പാട്ട് തിരഞ്ഞെടുത്തെങ്കിൽ അപമാനമല്ലാതെ മറ്റെന്താണ്. സച്ചിദാനന്ദനുമായി പണ്ടുണ്ടായ ഏറ്റുമുട്ടലിന് പ്രതികാരമാണ് ഇപ്പോഴത്തെ അപമാനമെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

സാഹിത്യ അക്കാദമി അവാർഡുകൾ നിഷേധിക്കാൻ കാരണം തന്റെ തുറന്നു പറച്ചിലുകളാണെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു. സച്ചിദാനന്ദനും അബൂബക്കറും ചേർന്നുള്ള പദ്ധതിയാണ് ഇപ്പോഴത്തേത്. അല്ലെങ്കിൽ മറ്റാരുണ്ട് എഴുതാൻ എന്ന് ചോദിച്ച അബൂബക്കർ തന്നെ ഇത് ചെയ്യുമോ. ശ്രീകുമാരൻ തമ്പിയാണോ സച്ചിദാനന്ദനാണോ ജനപ്രിയ കവി എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം സാംസ്കാരിക മന്ത്രി പറഞ്ഞാലും ഇനി കേരളഗാനം എഴുതില്ലെന്നും കൂട്ടിച്ചേർത്തു.

ശ്രീകുമാരൻ തമ്പിയുടെ വാക്കുകൾ

ഹരിനാരായണന്റെ പാട്ട് എടുത്തെങ്കിൽ ശ്രീകുമാരൻ തമ്പിയേക്കാൾ മികച്ച ഗാനരചയിതാവ് ഹരിനാരായണൻ ആണെന്ന് സച്ചിദാനന്ദൻ പ്രഖ്യാപിക്കുകയാണ്. ഇതിനേക്കാൾ വലിയ അപമാനം എന്താണ്. എങ്കിൽ എന്തിനാണ് എന്നോട് അവർ പാട്ടെഴുതാൻ പറഞ്ഞത്. നേരത്തെ തന്നെ കേരളത്തിലെ കവികളിൽ നിന്ന് പാട്ടുകൾ സ്വീകരിക്കാമായിരുന്നല്ലോ.

താങ്കളല്ലാതെ മറ്റാര് എന്ന് അബൂബക്കർ ചോദിച്ചതുകൊണ്ടാണ് ഞാൻ എഴുതാൻ തയ്യാറായത്. അവർ പറഞ്ഞ തിരുത്തുകൾക്ക് ശേഷം നന്ദി എന്ന് മാത്രമാണ് എനിക്ക് ലഭിച്ച മറുപടി. സ്വാഭാവികമായും പാട്ട് സ്വീകരിച്ചു എന്നല്ലേ മനസിലാക്കുക. അതിന് ശേഷമാണ് അവർ പരസ്യം കൊടുക്കുന്നത്.

ഞാനും സച്ചിദാനന്ദനും തമ്മിൽ ചെറിയ ഒരു എറ്റുമുട്ടൽ ഉണ്ടായിട്ടുണ്ട്. അതിന് സച്ചിദാനന്ദൻ നടത്തിയ പ്രതികാരമാണിത്. എന്നെ അപമാനിക്കാൻ വേണ്ടി ചെയ്തതാണ്. ശ്രീകുമാരൻ തമ്പി എഴുതിയത് ക്ലീഷേ ആണെന്ന് പറയാൻ സച്ചിദാനന്ദൻ അവസരം ഉണ്ടാക്കുകയായിരുന്നു. അവസരം നോക്കിയിരുന്ന് അദ്ദേഹം എന്നെ അപമാനിച്ചതാണ്. അപമാനിക്കുകയല്ലേ, അല്ലെങ്കിൽ എന്തിന് എന്നോട് എഴുതാൻ പറഞ്ഞു. ഞാനെഴുതുന്നത് ക്ലീഷേ ആണെങ്കിൽ അത് കേൾക്കുന്ന ആളുകൾ ഉണ്ട്. ബോധപൂർവ്വമാണ് ഇതൊക്കെ. അവർ സൃഷ്ടിച്ച കെണിയിൽ ഞാൻ വീണു. അതെന്റെ നന്മയാണ്.

എന്റെ തുറന്നു പറച്ചിലാണ് അവാർഡുകൾ നിഷേധിക്കാൻ കാരണം. എന്നെ സംബന്ധിച്ച് സച്ചിദാനന്ദനും അബൂബക്കറും ചേർന്നുള്ള പദ്ധതിയാണ് ഇത്. അല്ലെങ്കിൽ മറ്റാരുണ്ട് എഴുതാൻ എന്ന് ചോദിച്ച അബൂബക്കർ തന്നെ ഇത് ചെയ്യുമോ. ശ്രീകുമാരൻ തമ്പിയാണോ സച്ചിദാനന്ദനാണോ ജനപ്രിയ കവി എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. സാംസ്കാരിക മന്ത്രി പറഞ്ഞാലും ഇനി കേരളഗാനം എഴുതില്ല.

സാഹിത്യ അക്കാദമി എങ്ങനെയെങ്കിലും ആരെങ്കിലും രക്ഷിക്കണേ എന്ന് ആഗ്രഹിക്കുന്നവരാണ്. അബൂബക്കറും സച്ചിദാനന്ദനും ചേർന്ന അച്ചുതണ്ട് കക്ഷിയാണ് സാഹിത്യ അക്കാദമിയെ ഇപ്പോൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടാണ് ഹരിനാരായണന്റെ പാട്ട് എടുത്തു എന്നും ശ്രീകുമാരൻ തമ്പിയുടെ വരികൾ ക്ലീഷേ ആണെന്നും സച്ചിദാനന്ദൻ പറയുന്നതും തീരുമാനം ആയില്ലെന്ന് അബൂബക്കർ പറയുന്നതും. രണ്ടുപേരുടെയും അഭിപ്രായം രണ്ടു തരത്തിലാണ് എന്നതിൽ തന്നെ സാഹിത്യ അക്കാദമി എങ്ങോട്ട് പോകുന്നുവെന്ന് വ്യക്തമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com