


 
            മലപ്പുറം: ഉന്നാവോ സംഭവം പോലെയാണ് വണ്ടിപ്പെരിയാറിൽ ഉണ്ടായതെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പ്രതിയുടെ കുടുംബം ഭീഷണിപെടുത്തുന്നതായി നേരത്തെ പെൺകുട്ടിയുടെ കുടുംബം പറഞ്ഞിരുന്നു. ഇരയുടെ കുടുംബത്തെ ആക്രമിച്ചിട്ട് പൊലീസ് നോക്കിനിന്നു. പൊലീസിൻ്റേത് ഗൂഢാലോചനയെന്നും വി ഡി സതീശൻ ആരോപിച്ചു.
ഡിവൈഎഫ്ഐക്കാരനായ പ്രതിയെ രക്ഷിക്കാൻ പൊലീസ് ഗൂഢാലോചന നടത്തി. ഇരയുടെ കുടുംബത്തെ വേട്ടയാടുന്ന വിചിത്ര സംഭവമാണ് നടക്കുന്നത്. ഉത്തർപ്രദേശിൽ പോലും നടക്കാത്ത കാര്യങ്ങൾ ആണിത്. തല കുനിച്ചു നിൽക്കേണ്ട സ്ഥിതിയാണ് കേരളത്തിലുള്ളതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
എം എം മണിക്കെതിരെയും വി ഡി സതീശൻ വിമർശനം ഉന്നയിച്ചു. എം എം മണി ഗവർണറെ മാത്രമല്ല എല്ലാവരെയും മോശം പറയും. പിണറായി ആളുകളെ ആക്ഷേപിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത് എം എം മണിയെയും സജി ചെറിയാനെയുമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. ആളുകളെ ആക്ഷേപിക്കുകയല്ല വേണ്ടത് സംവാദം നടത്തുകയാണ് വേണ്ടതെന്ന് ചൂണ്ടിക്കാണിച്ച പ്രതിപക്ഷ നേതാവ് തെറിയഭിഷേകം മുഖ്യമന്ത്രി പ്രോത്സാഹിപ്പിക്കുന്നുവെന്നും കുറ്റപ്പെടുത്തി. ബിഷപ്പിനെ സജി ചെറിയാൻ ആക്ഷേപിച്ചതിനെ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാണിച്ചു.
ഇടുക്കിയിൽ എന്തിനാണ് ഹർത്താൽ നടത്തുന്നത്. ഹർത്താൽ അനാവശ്യം. ജനജീവിതം ഇപ്പോൾ തന്നെ ദുരിത പൂർണമാണ്. തോന്നിയത് പോലെ രാഷ്ട്രീയ കാരണങ്ങൾക്ക് ഹർത്താൽ നടത്തുന്നതിനോട് യോജിപ്പില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
 
                        
                        