കാനത്തിന്റെ വിയോഗം ഇന്‍ഡ്യ സഖ്യത്തിന്‍റെ നഷ്ടം, ദു:ഖത്തിൽ പങ്ക് ചേരുന്നു: കെ മുരളീധരൻ

മതേതര കൂട്ടായ്മ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കാനത്തിന്‍റെ അഭാവം വലിയ നഷ്ടമാണെന്നും കെ മുരളീധരന്‍
കാനത്തിന്റെ വിയോഗം ഇന്‍ഡ്യ സഖ്യത്തിന്‍റെ നഷ്ടം, ദു:ഖത്തിൽ പങ്ക് ചേരുന്നു: കെ മുരളീധരൻ

കോഴിക്കോട്: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ മുരുളീധരന്‍. കാനത്തിന്റെ വിയോഗം ഇന്‍ഡ്യ സഖ്യത്തിന്‍റെ നഷ്ടമാണെന്നും ദുഖത്തില്‍ പങ്കുചേരുന്നുവെന്നും കെ മുരളീധരന്‍ പറഞ്ഞു. മതേതര കൂട്ടായ്മ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ കാനത്തിന്‍റെ അഭാവം വലിയ നഷ്ടമാണെന്നും കെ മുരളീധരന്‍ കൂട്ടിച്ചേർത്തു.

ലോക്സഭയിൽ നിന്ന് മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടിയോടും കെ മുരളീധരന്‍ പ്രതികരിച്ചു. നടപടി ദൗർഭാഗ്യകരമാണ്. ചുരുങ്ങിയ സമയം കൊണ്ടാണ് പുറത്താക്കിയത്. നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭരണാഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ഇന്‍ഡ്യ മുന്നണി പരിശ്രമിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

കോൺഗ്രസിൽ നിന്നുള്ള രാജികൾ ഒഴിവാക്കപെടേണ്ടതാണ് എന്നായിരുന്നു സി രഘുനാഥ് രാജി വെച്ച സംഭവത്തില്‍ കെ. മുരളീധരന്‍റെ പ്രതികരണം. എ വി ഗോപിനാഥിനെ സസ്പന്‍ഡ് ചെയ്ത സംഭവത്തില്‍ ഗോപിനാഥ് നേരത്തെ പാർട്ടിക്ക് പുറത്ത് പോയതാണെന്നും സ്വയം പുറത്ത് പോയ ആളെ സസ്പെൻഡ് ചെയ്യേണ്ട ആവശ്യമില്ലെന്നും വി മുരളീധരന്‍ പറഞ്ഞു.

മാസപ്പടി വിഷയത്തിൽ കോടതി നോട്ടീസ് നൽകിയ സ്ഥിതിക്ക് നടപടികൾ നടക്കട്ടെയെന്നും മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഒരു സേവനവും നടത്താതെയാണ് പണം ലഭിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സംവിധാനം ദുരുപയോഗപെടുത്തി എന്നാണ് മനസ്സിലാകുന്നത് പിണറായി വിജയൻ പാർട്ടി സെക്രട്ടറി എന്ന നിലയിൽ ആണ് പണം വാങ്ങിയതെങ്കിൽ വിമർശിക്കില്ലായിരുന്നു എന്നും കെ മുരളീധരന്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com