
May 17, 2025
01:26 AM
ബെംഗളുരു: തെലങ്കാനയിലെ എക്സിറ്റ് പോളുകള് പുറത്തുവന്നതിന് പിന്നാലെ എംഎൽഎമാരെ ചാക്കിലാക്കുന്നത് തടയാൻ കോണ്ഗ്രസ് നീക്കം. വിജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുമായി ആശയവിനിമയം നടത്തുന്നതിന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ ഹൈദരാബാദിലേക്ക് പുറപ്പെടും. ഇതിനിടെ വിജയസാധ്യതയുള്ള സ്ഥാനാർഥികളുമായുള്ള ആശയവിനിമയം കോണ്ഗ്രസ് ശക്തമാക്കിയിട്ടുണ്ട്. തോൽവി മുന്നിൽ കണ്ട് മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു വിജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ ബന്ധപ്പെട്ടതായി ഡി കെ ശിവകുമാർ ആരോപിച്ചു. കോണ്ഗ്രസ് ആത്മവിശ്വാസത്തിലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. കോണ്ഗ്രസിലെ ഇരുപതോളം സ്ഥാനാർഥികള് ബിആർഎസ് വിട്ട് വന്നവരാണ്. ഇതാണ് കോൺഗ്രസിന് വെല്ലുവിളിയാകുന്നത്.
എന്നാൽ ആർക്കും അങ്ങനെ കോൺഗ്രസ് എംഎൽഎമാരെ ചാക്കിട്ട് പിടിക്കാനാകില്ലെന്നും ഏത് സാഹചര്യം നേരിടാനും അവർ തയ്യാറാണെന്നും ഡി കെ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. 'എനിക്ക് എന്റെ എംഎൽഎമാരിലും പാർട്ടിയുടെ വിജയത്തിലും ആത്മവിശ്വാസമുണ്ട്. എംഎൽഎമാരെ ചാക്കിട്ട് പിടിക്കുക എന്നത് നടക്കാത്ത കാര്യമാണ്. എക്സിറ്റ് പോൾ സർവ്വെ ഫലം വരുന്നതിന് മുമ്പ് തന്നെ ജനങ്ങൾ ഞങ്ങൾക്കൊപ്പമാണ്. തെലങ്കാനയിൽ വിജയം ഉറപ്പാണെന്ന് എനിക്കറിയാം. ഹൈക്കമാൻഡ് എന്നോട് ആവശ്യപ്പെടുന്നത് അനുസരിച്ച് എന്ത് സാഹചര്യം കൈകാര്യം ചെയ്യാനും ഞാൻ തയ്യാറാണ്'. റിസോർട്ട് രാഷ്ട്രീയമൊന്നും അവിടെ നടക്കില്ലെന്നും കോൺഗ്രസിന്റെ പ്രശ്ന പരിഹാരിയായി കണക്കാക്കുന്ന ഡി കെ ശിവകുമാർ പറഞ്ഞു.
മഹുവ മൊയ്ത്രയ്ക്കെതിരായ കോഴ ആരോപണം; എത്തിക്സ് കമ്മറ്റിക്കെതിരെ അധിർ രഞ്ജൻ ചൗധരിപുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ തെലങ്കാനയിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. ചിലതാകട്ടെ തൂക്ക് മന്ത്രിസഭയെന്നും ചൂണ്ടിക്കാണിക്കുന്നു. ഈ സാഹചര്യത്തിലാണ് ഡി കെ ശിവകുമാർ തെലങ്കാനയിലേക്ക് പുറപ്പെടുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു ഡിസംബർ നാലിന് മന്ത്രിസഭാ യോഗം വിളിച്ചിട്ടുണ്ട്. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഢി ഡിസംബർ ഒമ്പതിന് കോൺഗ്രസ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഒരുങ്ങാനും പ്രവർത്തകരോട് നിർദേശം നൽകിയിട്ടുണ്ട്.