
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. 10 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ നല്ല രീതിയിലാണ് പെരുമാറിയതെന്ന് എം എം വർഗീസ് പറഞ്ഞു. ഇഡിയുടെ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായി ഉത്തരം നൽകിയെന്നും ഇനിയും വിളിപ്പിച്ചാൽ ഹാജരാകും എന്നും ചോദ്യം ചെയ്യലിന് ശേഷം എം എം വർഗീസ് മാധ്യമങ്ങളോട് പറഞ്ഞു.
രാവിലെ പത്തുമണിക്കാണ് എം എം വർഗീസ് അഭിഭാഷകരോടൊപ്പം കൊച്ചി ഇ ഡി ഓഫീസിൽ എത്തിയത്. കരുവന്നൂർ ബാങ്കിൽ നടന്ന ക്രമക്കേട് കണ്ടെത്താൻ സിപിഐഎം തൃശ്ശൂർ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മീഷൻ രൂപീകരിച്ചിരുന്നു. കമ്മീഷനിൽ കണ്ടെത്തിയ ക്രമക്കേടുകൾ എം എം വർഗീസിന്റെ അറിവോടെ മറച്ചുവെച്ചതായുള്ള മൊഴികൾ ഇഡിക്ക് ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചറിയാനായിരുന്നു ഇന്ന് വിളിപ്പിച്ചത്.