
തൃശൂർ: സ്കൂളിലെത്തി ഒരു പൂർവവിദ്യാർത്ഥി തോക്കെടുത്ത് വെടിവയ്ക്കുന്നു. കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ ആദ്യം. തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ ആണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. തികച്ചും മാനസിക അസ്വസ്ഥ്യമുള്ള യുവാവിന്റെ ചെയ്തികളാണ് ഒരു സ്കൂളിനെയാകെ മുൾമുനയിൽ നിർത്തിയത്. സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസെത്തി പിടികൂടി. മുളയം സ്വദേശി ജഗനാണ് വിവേകോദയം സ്കൂളിൽ എയർഗൺ ഉപയോഗിച്ച് വെടിവച്ചത്.
'തൊപ്പി തരൂ, 500 രൂപ തരൂ എന്ന് പറഞ്ഞാണ് ഇയാൾ ക്ലാസ് റൂമിലേക്ക് കയറി വന്നത്. ചെയറിലിരുന്നിട്ട് രാമൻ സാറെവിടെയാണെന്ന് ചോദിച്ചു. പിന്നെ മുരളി സാറിനെയും ചോദിച്ചു. പിടി സാറിന്റെ അടുത്ത് നിന്ന് വെടിവെച്ചു'. പിന്നീട് സ്റ്റാഫ് റൂമിലെത്തിയും വെടിവെച്ചുവെന്നാണ് ദൃക്സാക്ഷികളായ വിദ്യാർഥികൾ പറയുന്നത്.
തൃശൂര്‍ അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1500 രൂപയ്ക്ക് വാങ്ങിയ എയർ ഗൺ ആണ് ജഗന്‍ ഉപയോഗിച്ചത്. യുവാവിനെ വൈദ്യപരിശോധനയ്ക്കായി ജില്ലാ ആശുപത്രിയിൽ എത്തിച്ചു. 2020 മുതൽ മാനസികാസ്ഥ്യത്തിന് ചികിൽസയിലാണ് ജഗന്‍. ജഗന്റെ മാതാപിതാക്കളെ പൊലീസ് വിളിച്ചു വരുത്തി. മൂന്നു കൊല്ലമായി മാനസിക അസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു എന്നാണ് മാതാപിതാക്കളുടെ മൊഴി. തോക്ക് വാങ്ങാന്‍ പണം പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങിയെന്നും മൊഴിയുണ്ട്.