
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജ ഐ ഡി കാർഡ് കേസിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ. അഭി വിക്രം, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിന്റെ വിശ്വസ്തരാണ് പിടിയിലായത്.
അഭി വിക്രമിനെ പത്തനംതിട്ടയിൽ വെച്ചാണ് കസ്റ്റഡിയിൽ എടുത്തത്. ഫെനി, ബിനിൽ ബിനു എന്നിവരെ തിരുവനന്തപുരത്ത് നിന്നുമാണ് കസ്റ്റഡിയിൽ എടുത്തത്. യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കിയതിൻ്റെ തെളിവുകൾ റിപ്പോർട്ടർ ടിവി പ്രിൻസിപ്പിൾ കറസ്പോണ്ടന്റ് ആർ റോഷിപാലാണ് പുറത്തു കൊണ്ടുവന്നത്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാപകമായി ക്രമക്കേട് നടന്നുവെന്ന് പരാതികൾ പുറത്തു വരുന്നുണ്ട്. തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേട് നടന്നുവെന്നും വ്യാജ തിരിച്ചറിയിൽ കാർഡ് നിർമ്മിച്ചു എന്നുമുള്ള വാർത്ത റിപ്പോർട്ടർ ടിവി പുറത്തുകൊണ്ടുവന്നതിന് പിന്നാലെ സംഭവം ഏറേ ചർച്ച ചെയ്യപ്പെട്ടു. തുടർന്ന് ബിജെപിയും ഇടതുപക്ഷവും വിഷയം ഏറ്റെടുത്തു. പൊലീസിലും തിരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകി. കേസില്‍ അന്വേഷണം തുടരുകയാണ്.