'ജീവന്‍ മറന്നും പോരാടിയ സമരനായകന്‍'; വി വി രാജേഷിനെ പുകഴ്ത്തി കെ സുരേന്ദ്രന്‍

തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രമെന്ന പേരില്‍ വി വി രാജേഷിന്റെ കൂടെയുള്ള ചിത്രവും കെ സുരേന്ദ്രന്‍ പങ്കുവെച്ചു

'ജീവന്‍ മറന്നും പോരാടിയ സമരനായകന്‍'; വി വി രാജേഷിനെ പുകഴ്ത്തി കെ സുരേന്ദ്രന്‍
dot image

തിരുവനന്തപുരം: ബിജെപിയുടെ തിരുവനന്തപുരം മേയര്‍ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ട വി വി രാജേഷിനെ പിന്തുണച്ച് മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അനേകം സമരങ്ങള്‍ നടത്തിയ സമരനായകനാണ് വി വി രാജേഷെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. തിരുവനന്തപുരം കോര്‍പ്പറേഷന് മുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രമെന്ന പേരില്‍ വി വി രാജേഷിന്റെ കൂടെയുള്ള ചിത്രവും കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

'അനേകം സമരങ്ങള്‍. ശബരിമല സമരകാലത്തടക്കം ജീവന്‍ മറന്നും പോരാടിയ സമരനായകന്‍. ഒരിക്കല്‍ കോര്‍പ്പറേഷനുമുന്നില്‍ പൊലീസ് ഗ്രനേഡ് എറിഞ്ഞപ്പോള്‍ ഒരുമിച്ചുനിന്നു ചെറുക്കുന്ന ചിത്രം', എന്നാണ് കെ സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ആര്‍ ശ്രീലേഖ മേയറാകും എന്നുള്ള തരത്തിലാണ് ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഇന്ന് വി വി രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.

ഒരു വിഭാഗത്തിന്റെ എതിര്‍പ്പിന് പിന്നാലെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയായി രാജേഷിനെ പ്രഖ്യാപിച്ചത്. നേതാക്കളുടെ അനുനയശ്രമത്തിനൊടുവില്‍ ആര്‍ ശ്രീലേഖ ജില്ലാ കമ്മിറ്റി ഓഫീസിലെ യോഗത്തിനെത്തിയിരുന്നു. ജില്ലാ അധ്യക്ഷന്‍ അടക്കമുള്ളവര്‍ വീട്ടിലെത്തി കണ്ടാണ് അനുനയ ശ്രമങ്ങള്‍ നടത്തിയത്. പ്രഖ്യാപനം വരും വരെ പരസ്യ പ്രതികരണം ഉണ്ടാവരുതെന്ന് ശ്രീലേഖയോട് നേതൃത്വം അഭ്യര്‍ഥിച്ചിരുന്നു. ഒടുവില്‍ ശ്രീലേഖയ്ക്ക് ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ലഭിച്ചില്ല.

ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ 45 വര്‍ഷത്തിന് ശേഷം ആദ്യമായാണ് എല്‍ഡിഎഫിന്റെ കയ്യില്‍നിന്ന് പോയത്. കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായായിരുന്നു ബിജെപിയുടെ മുന്നേറ്റം. ആകെയുള്ള 101 സീറ്റില്‍ എന്‍ഡിഎ 50 സീറ്റ് നേടിയപ്പോള്‍ എല്‍ഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്തേക്ക് പോയി. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എല്‍ഡിഎഫ് നേടിയത്. എന്‍ഡിഎ 34 സീറ്റ് നേടിയപ്പോള്‍ 10 സീറ്റായിരുന്നു യുഡിഎഫിന്.
Content Highlights: K Surendran share image with BJP Thiruvananthapuram Mayor candidate V V Rajesh

dot image
To advertise here,contact us
dot image