
കെഎസ്ആർടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയിലേക്ക് മാറ്റാൻ തീരുമാനം. ഡ്രൈവർ, കണ്ടക്ടർ എന്നിവർക്ക് കാക്കി നിറത്തിലുള്ള പാന്റും ഹാഫ്സ്ലീവ് ഷർട്ടുമാണ് പുതിയ യൂണിഫോം. വനിത ജീവനക്കാർ കാക്കി ചുരിദാറും സ്ലീവ്ലെസ്സ് ഓവർകോട്ടും ധരിക്കണം.
ഇൻസ്പെക്ടർമാർക്ക് കാക്കി സഫാരി സ്യൂട്ടാണ് യൂണിഫോം. മെക്കാനിക്കൽ വിഭാഗം ജീവനക്കാർ നേവി ബ്ലൂ പാന്റ്സും ഷർട്ടും ധരിക്കണം. രണ്ട് ജോഡി യൂണിഫോമിനുള്ള തുണി കെഎസ്ആർടിസി മാനേജ്മെന്റ് വിതരണം ചെയ്യും.
യൂണിഫോമിന്റെ നിറം പരിഷ്കരിക്കണമെന്ന ആവശ്യം നേരത്തെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവച്ചിരുന്നു. 2015ലാണ് കാക്കിനിറമായിരുന്ന യൂണിഫോം നീല നിറമാക്കി പരിഷ്കരിച്ചത്.