
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായാതായി റിപ്പോർട്ട്. സെക്യൂരിറ്റി, സിസിടിവി എന്നീ സംവിധാനങ്ങളിൽ വീഴ്ചയുണ്ടായതായി റിപ്പോർട്ടിൽ പറയുന്നു. സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തണമെന്ന് ഡിഎംഇ ഉത്തരവ് നൽകി. വാർഡുകൾ മുഴുവൻ വ്യക്തമാവുന്ന രീതിയിൽ സിസിടിവി സംവിധാനം ഏർപ്പെടുത്തണമെന്നും സ്ത്രീകളായ രോഗികളെ റിക്കവറി റൂമിൽ നിന്നും മാറ്റുന്നതിൽ നിന്നും പുരുഷ ജീവനക്കാരെ ഒഴിവാക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനിടെ അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ച് ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്ക്കെതിരെ അതിജീവിത പരാതി നല്കിയിരുന്നു. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും പരാതി മുഴുവന് രേഖപ്പടുത്തിയില്ലെന്നുമായിരുന്നു അതിജീവിതയുടെ പരാതി. കെ വി പ്രീതയുടെ ഉള്പ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.
എന്നാൽ മെഡിക്കല് കോളേജ് എസിപി സമര്പ്പിച്ച റിപ്പോര്ട്ടിൽ അതിജീവിതയുടെ പരാതി തള്ളിയിരുന്നു. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ റിപ്പോര്ട്ടില് വീഴ്ചയില്ലെന്നാണ് പൊലീസ് റിപ്പോര്ട്ടില് പറയുന്നത്.