
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡ് ഉപയോഗിച്ച് നാമനിർദേശ പത്രിക സമർപ്പിച്ചു. ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് ഐഡി കാർഡ് വ്യാജമായി നിർമ്മിച്ച് മത്സരിക്കാൻ നോക്കിയെങ്കിലും പരാതി നൽകിയതിനാൽ പത്രിക അന്ന് തള്ളുകയായിരുന്നു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചു എന്നതിൻ്റെ തെളിവുകൾ റിപ്പോർട്ടറിന് ലഭിച്ചു. അഞ്ചുമാസം മുമ്പ് പരാതി കിട്ടിയിട്ടും സംഘടന ഒരു നടപടിയും എടുക്കാത്തതാണ് ആപ് ഉപയോഗിച്ചുള്ള വ്യാജ വോട്ടർ ഐഡി തെരഞ്ഞെടുപ്പിൽ വ്യാപകമായി ഉപയോഗിക്കാൻ കാരണമായത്. റിപ്പോർട്ടർ അന്വേഷണം തുടരുന്നു.
യൂത്ത് കോൺഗ്രസ്സ് ഇടുക്കി ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്ക് മൽസരിച്ചത് ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ ആയിരുന്നു. ഫ്രാൻസിസ് ദേവസ്യക്ക് ഒരു അപരനും നാമനിർദേശ പത്രിക സമർപ്പിച്ചു. അപരന്റെ പേരിൽ ഒരക്ഷരം മാത്രം മാറ്റമാണ് ഉണ്ടായിരുന്നത്. ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിലിന് പകരം ഫ്രാൻസിസ് ദേവസ്യ അരയപ്പറമ്പിൽ. ജില്ല മുഴുവൻ നോക്കിയെങ്കിലും യൂത്ത് കോൺഗ്രസ്സിൽ മൽസരിക്കാൻ പറ്റുന്ന പ്രായത്തിൽ ഈ പേരിൽ ആരെയും കണ്ടെത്താന് കഴിഞ്ഞില്ല. വ്യാജ നാമനിർദേശ പത്രികയില് സംശയം തോന്നിയ ഫ്രാൻസിസ് ദേവസ്യ അറക്കപ്പറമ്പിൽ തെളിവുകൾ സഹിതം പരാതി കൊടുത്തു.
റിട്ടേണിങ് ഓഫീസർക്കും പിആർഒക്കും അടക്കം പരാതി കൊടുത്ത് നാമനിർദേശ പത്രിക തളളി. പക്ഷേ ഇല്ലാത്ത ഒരാൾ എങ്ങനെ നാമനിർദേശ പത്രിക കൊടുത്തു എന്ന കാര്യത്തിൽ ഒരന്വേഷണവും നടത്താതെ തെരഞ്ഞെടുപ്പുമായി മുന്നോട്ടുപോയി. പിന്നീട് ആപ് ഉപയോഗിച്ച് വ്യപാകമായി വ്യാജ ഐഡി കാർഡുകളുണ്ടാക്കി മെമ്പർഷിപ്പ് ചേർത്ത് വോട്ട് ചെയ്തു എന്ന് പരാതിയും ഉയർന്നു. അഞ്ചുമാസം മുമ്പ് രേഖാമൂലം തെളിവുകൾ സഹിതം പരാതി കിട്ടിയപ്പോൾ അന്വേഷിച്ച് നടപടി എടുത്തിരുന്നു എങ്കിൽ ഇത്ര വലിയ നാണക്കേട് ഉണ്ടാകുമായിരുന്നില്ല. നിയമനടപടി മാത്രമല്ല, നല്ല രീതിയിൽ നടക്കേണ്ട ഒരു യുവജന സംഘടനയുടെ തെരെഞ്ഞെടുപ്പിൻ്റെ തന്നെ വിശ്വാസ്യതയാണ് ഇല്ലാതായത്.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനായി ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി തയ്യാറാക്കി എന്ന വാർത്ത റിപ്പോർട്ടർ ടിവി പുറത്തു കൊണ്ടുവന്നിരുന്നു. സംഭവത്തിൽ വ്യാജ കാർഡുകൾ ഉണ്ടാക്കുന്നതിന് ഉപയോഗിച്ച ആപ്പിന്റെ ഉറവിടം തേടുകയാണ് പൊലീസ്. സിആർ കാർഡ് ആപ്പ് സൈബർ ഡോം പരിശോധിക്കുകയാണ്. കേസില് യൂത്ത് കോൺഗ്രസ് നേതാക്കളുടെ മൊഴി എടുക്കും. മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യുവിനെ ചോദ്യം ചെയ്യും. ആപ്പിൽ ഉപയോഗിച്ച മദർ ഐഡി കാർഡ് റിപ്പോർട്ടറാണ് പുറത്തുവിട്ടത്.