
കാസർകോട്: പ്രത്യേകം തയ്യാറാക്കിയ ബസ്സില് മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ഘാടന കേന്ദ്രമായ മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിലേയ്ക്ക് തിരിച്ചു. ബസില് പ്രത്യേകം തയ്യാറാക്കിയ ഒന്നാമത്തെ സീറ്റിലാണ് മുഖ്യമന്ത്രി ഇരിക്കുക. വിന്ഡോ സീറ്റില് പുറത്തുള്ള ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്യാന് പാകത്തിനാണ് മുഖ്യമന്ത്രിയുടെ ഇരിപ്പിടം. ഓരോ ഇരിപ്പിടത്തിനും ആവശ്യാനുസരണം മാറ്റാവുന്ന ട്രാന്സ്പരന്റ് ഗ്ലാസ് വിന്ഡോയുമുണ്ട്.
മഞ്ചേശ്വരം മണ്ഡലത്തിലെ പൈവളികെയിലാണ് നവകേരള സദസ്സിന്റെ ഉദ്ഘാടനം. വൈകിട്ട് 3.30 ന് പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിക്കും.
കാസര്കോട്ടെ നാലു മണ്ഡലങ്ങളില് ഞായറാഴ്ച മണ്ഡലസദസ് നടക്കും. കാസര്ഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര് എന്നീ മണ്ഡലങ്ങളിലാണ് ഞായറാഴ്ച പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം അതത് മണ്ഡലങ്ങളിലെ പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടര്ന്നാണ് ജനങ്ങള്ക്ക് മുന്നിലേക്ക് എത്തുന്നത്. ഓരോ മണ്ഡലങ്ങളിലും പരാതികള് സ്വീകരിക്കാന് പ്രത്യേകം സംവിധാനം ഉണ്ട്. സുരക്ഷ കണക്കിലെടുത്ത് സദസ്സ് നടക്കുന്ന മണ്ഡലങ്ങളില് പ്രത്യേകം പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. കേരളത്തിലെ 140 മണ്ഡലങ്ങളിലും നവ കേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.
മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സഞ്ചരിക്കുന്നത് കെഎല് 15 എ 2689 ബെന്സ് ബസിലാണ്. മൂന്ന് മാസം മുന്പ് തന്നെ ഈ ബസ്സിനായി ഓര്ഡര് നല്കിയിരുന്നു. ഭാരത് ബെന്സിന്റെ 1624 ഷാസിയിലാണ് ബസിന്റെ നിര്മാണം. 12 മീറ്റര് നീളമുള്ള ബെന്സ് ഷാസി ബസുകളും കാരവാനുകളും നിര്മിക്കാന് ഉപയോഗിക്കാറുണ്ട്. ഏകദേശം 44 ലക്ഷം രൂപയാണ് ഈ ഷാസിയുടെ വില. ബെന്സിന്റെ ഒഎം926 എന്ജിനാണ് വാഹനത്തില് ഉപയോഗിക്കുന്നത്. 7200 സിസി കപ്പാസിറ്റിയുള്ള ആറു സിലിണ്ടര് എന്ജിന് 240 എച്ച്പി പവറും 850 എന്എം ടോര്ക്കുമുണ്ട്. ആറ് സ്പീഡാണ് ഗിയര്ബോക്സ്. ഫുള്ളി എയര്സസ്പെന്ഷനാണ് ബസിന്.
ഫീച്ചറുകളെക്കുറിച്ച് പറയാനാണെങ്കില് മന്ത്രിമാര്ക്ക് ബസ്സിന്റെ അകത്ത് കയറാന് പോലും കഷ്ടപ്പെടേണ്ട. വാതിലില് ചെന്ന് നിന്നാല് മതി. അത്യാധുനിക ഓട്ടോമാറ്റിക് ലിഫ്റ്റ് ആളെ ബസിനുള്ളിലെത്തിക്കും.
ബസില് ആകെ 25 സീറ്റുകളാണുള്ളത്. അതില് ഏറ്റവും മുന്നില് മുഖ്യമന്ത്രിയുടെ കസേരയാണ്. അതാവട്ടെ ചൈനയില് നിന്നെത്തിയ 180 ഡിഗ്രി കറങ്ങുന്ന കസേരയും. നിര്ത്തിയിടുമ്പോള് പുറമേനിന്നുള്ള വൈദ്യുതി ഉപയോഗിച്ച് എ സി പ്രവര്ത്തിപ്പിക്കാം. ബയോ ടോയ്ലറ്റ്, റഫ്രിജറേറ്റര്, മൈക്രോവേവ് ഓവന്, ഡൈനിങ് ഏരിയ, വാഷ് ബേസിന് എന്നിങ്ങനെ പോകുന്നു ബസ്സിനുള്ളിലെ സൗകര്യങ്ങള്. ഇതിനൊക്കെയായി 1.05 കോടി രൂപ ചെലവായി. രജിസ്ട്രേഷന് വ്യവസ്ഥകളില് ഇളവുകളും ലഭിച്ചു.