
കണ്ണൂർ: വ്യാജ ഐഡി കാർഡ് നിർമ്മിച്ചത് താൻ അറിഞ്ഞില്ലെന്ന് മദർ ഐഡി കാർഡ് ഉടമ ടോമിൻ മാത്യു. വാർത്ത വന്നതിന് ശേഷമാണ് കാര്യങ്ങൾ അറിയുന്നത്. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ രണ്ട് പേർ വോട്ടു ചെയ്യാൻ സമീപിച്ചു. ജിബിൻ പയ്യന്നൂർ ആദ്യം വന്ന് വോട്ട് രേഖപ്പെടുത്തി. രണ്ടാമത് ജെയ്സൺ ചട്ടമല വന്നു. യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാണെന്ന് പറഞ്ഞുവെന്നും ടോമിൻ മാത്യു റിപ്പോർട്ടറിനോട് പറഞ്ഞു.
ഞാൻ ഒരു തവണ വോട്ട് ചെയ്തതാണെന്ന് അറിയിച്ചപ്പോൾ കുഴപ്പമില്ലെന്ന് പറഞ്ഞു. ആദ്യം ഫീസ് അടയ്ക്കുന്നവർക്കാണ് വോട്ട് ചെയ്യാൻ കഴിയുക എന്ന് പറഞ്ഞു. ഐഡി കാർഡ് വാങ്ങി ജെയ്സൺ ഫോട്ടോ എടുത്തു. അതിന് ശേഷം ഐഡി കാർഡ് ആർക്കും കൊടുത്തിട്ടില്ല. ഇപ്പോഴും ഐഡി കാർഡ് എന്റെ കയ്യിലുണ്ട്. ഇതിനപ്പുറം എനിക്ക് ഒന്നും അറിയില്ല. വാർത്ത വന്നപ്പോഴാണ് ഇക്കാര്യം അറിയുന്നത്. താൻ യൂത്ത് കോൺഗ്രസ് അനുഭാവി മാത്രമാണ് പ്രവർത്തകനല്ലെന്നും ടോമിൻ മാത്യു പറഞ്ഞു.