
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ ഐഡി കാർഡുകൾ ധാരാളമായി ഉപയോഗിച്ചുവെന്നും കഴിഞ്ഞ തിരഞ്ഞെടുപ്പിലും കോൺഗ്രസ് ഈ തന്ത്രം ഉപയോഗിച്ച് കാണുമെന്നും എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദേശാഭിമാനിക്ക് പറ്റിയത് എല്ലാവർക്കും പറ്റാറുള്ള തെറ്റാണ്. തെറ്റ് പറ്റാത്ത മാധ്യമങ്ങൾ ഉണ്ടോ? സ്വാഭാവികമായി സംഭവിച്ച തെറ്റാണ് അത്. ആ പാവം സ്ത്രീയെക്കൊണ്ട് എന്തിനാണ് കേസ് കൊടുപ്പിക്കുന്നത്? നിർബന്ധിച്ച് പ്രചരണത്തിന് ഉപയോഗിക്കരുതെന്നും വയസ് നോക്കിയല്ല വാർത്ത വരുന്നതെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.
നവകേരള സദസ്സ് രാജ്യ ചരിത്രത്തിലെ പുതിയ സംഭവമാകുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സാമ്പത്തിക പ്രശ്നം ഇല്ലാത്ത കാലം ഉണ്ടായിട്ടുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് ഇ പി ചോദിച്ചു. പ്രതിപക്ഷം നിരാശരാണ്, അവർ ഒറ്റപ്പെട്ടു. പ്രതിസന്ധിയുണ്ട്. അതിനിടയിലും ആനുകൂല്യങ്ങൾ നൽകുന്നുണ്ട്, അതാണ് ഭരണ നിർവഹണമെന്നും ഇ പി ജയരാജൻ പറഞ്ഞു.
ബസ് വാങ്ങിയതിൽ ഒരു വിവാദവുമില്ല. പ്രതിപക്ഷത്തിന് സാമാന്യ ബോധം നഷ്ടപ്പെട്ടു. ബസ് ഡിസംബർ 24 കഴിഞ്ഞാൽ കെഎസ്ആർടിസിയുടെ സ്വത്താകും. അത് പല ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. പ്രതിപക്ഷം കാട് കയറുകയാണ്. തിരഞ്ഞെടുപ്പ് പ്രചരണം എന്നാണ് വിമർശനം, എന്നാൽ യുഡിഎഫ് പ്രവർത്തിക്കുന്നതും തിരഞ്ഞെടുപ്പ് കണ്ടാണ്. ഭരണപക്ഷത്തിന് മാത്രമാണോ തിരഞ്ഞെടുപ്പുള്ളത്. ഞങ്ങൾ തിരഞ്ഞെടുപ്പ് കാണാതെ പ്രവർത്തിക്കണം എന്നാണോ. പ്രതിപക്ഷ നേതാവ് സഞ്ചരിക്കുന്നത് സർക്കാർ ചെലവിൽ അല്ലേ? അത് തെറ്റാണെന്ന് പറയാൻ ആവുമോ എന്നും അദ്ദേഹം ചോദിച്ചു.
മുസ്‌ലിം ലീഗ് നേതാവ് പി അബ്ദുൽ ഹമീദ് എംഎൽഎക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് കോൺഗ്രസ്സ് ആയിരിക്കും. നല്ല എംഎൽഎയും നല്ല സഹകാരിയുമാണ് അബ്ദുൾ ഹമീദ് എന്ന് ഇപി പ്രശംസിച്ചു. അർഹതപ്പെട്ട ആളെയാണ് ഭരണ സമിതിയിൽ ഉൾപ്പെടുത്തിയത്. എന്തിനാണ് കോൺഗ്രസ് വെപ്രാളം കാണിക്കുന്നത്? ലീഗിനെ അംഗീകരിക്കാൻ കോൺഗ്രസിന് ബുദ്ധിമുട്ടുണ്ട്.