
കോഴിക്കോട്: സമസ്ത നേതാവ് ഉമര് ഫൈസി മുക്കത്തിന്റെ സ്ത്രീവിരുദ്ധ പരാമര്ശത്തില് കേസ് എടുക്കാത്തതിനെതിരെ സാമൂഹ്യപ്രവര്ത്തക വി പി സുഹ്റ കോടതിയിലേക്ക്. സിറ്റി പൊലീസ് കമ്മീഷണര്ക്ക് നല്കിയ പരാതിയില് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നത്. ഇത് സംബന്ധിച്ച് നിയമോപദേശം തേടിയതായി വി പി സുഹ്റ റിപ്പോര്ട്ടറിനോട് പറഞ്ഞു.
കോഴിക്കോട് ടൗണ് പൊലീസ് നേരത്തേ വി പി സുഹറയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. അസിസ്റ്റന്റ് കമ്മീഷണര് പി ബിജുരാജാണ് മൊഴി രേഖപ്പെടുത്തിയത്. റിപ്പോര്ട്ടര് ടിവി ക്ലോസ് എന്കൗണ്ടറിനിടെയാണ് ഉമര് ഫൈസി സ്ത്രീവിരുദ്ധ പരാമര്ശം നടത്തിയത്. തട്ടമിടാത്തത് അഴിഞ്ഞാട്ടമായി കാണുമെന്നാണ് ഉമര് ഫൈസി മുക്കം പറഞ്ഞത്.
തട്ടവും പര്ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്ക്കുമെന്നും ഉമര് ഫൈസി പറഞ്ഞു. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന് വിടാന് കഴിയില്ല. പഴഞ്ചന് എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്ക്ക് അച്ചടക്കം വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലോകം മുഴുവന് കേള്ക്കുന്ന രീതിയില് സ്റ്റേജില് കയറി എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞുകഴിഞ്ഞാല് അതെങ്ങനെ സഹിക്കാന് സാധിക്കുമെന്നാണ് വിഷയത്തില് വി പി സുഹറ ചോദിച്ചത്. എത്ര പേര് കേള്ക്കുന്നതാണ്. അഴിഞ്ഞാട്ടം എന്നതിന് വലിയ അര്ത്ഥമുണ്ട്. കൂടെ അഴിഞ്ഞാടാന് വരുന്നത് പുരുഷന്മാരല്ലേയെന്നും മനുഷ്യര്ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ലേയെന്നും അവര് ചോദിച്ചു. വായില്ത്തോന്നിയതെല്ലാം വിളിച്ച് പറയാനാണോ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നതെന്നും സുഹറ ചോദിച്ചിരുന്നു.