ഉച്ചഭക്ഷണ പദ്ധതി മുടങ്ങരുത്; സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദേശം

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അറുപത് ശതമാനം ചെലവ് കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. ഈ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കാർ
ഉച്ചഭക്ഷണ പദ്ധതി മുടങ്ങരുത്; സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദേശം

കോഴിക്കോട്: ഉച്ചഭക്ഷണ പദ്ധതി മുടങ്ങാതിരിക്കാൻ ഈമാസം മുപ്പതിന് മുൻപ് സ്കൂളുകളിൽ ഉച്ചഭക്ഷണ സംരക്ഷണ സമിതികൾ രൂപീകരിക്കാൻ സർക്കാർ നിർദേശം. പദ്ധതിക്കായി പലിശരഹിത വായ്പ, സംഭാവനകൾ, സിഎസ്ആർ ഫണ്ടുകൾ എന്നിവ കണ്ടെത്തുകയാണ് സമിതിയുടെ ചുമതലകൾ.

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അറുപത് ശതമാനം ചെലവ് കേന്ദ്ര സർക്കാരാണ് നൽകിയിരുന്നത്. ഈ ഫണ്ട് ലഭിക്കുന്നതിലെ കാലതാമസം പദ്ധതി നടത്തിപ്പിനെ പ്രതികൂലമായി ബാധിക്കുന്നതായി സർക്കുലറിൽ പറയുന്നു. അതിനാൽ വാർഡ് മെമ്പർ കൺവീനറായി ആറംഗ സംരക്ഷണ സമിതി രൂപീകരിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് നൽകിയിരിക്കുന്ന നിർദേശം. പിടിഎ പ്രസിഡന്റ്, പൂർവ്വ വിദ്യാർഥി പ്രതിനിധി തുടങ്ങിയവർ അംഗങ്ങളാണ്. പലിശ രഹിത സാമ്പത്തിക സഹായങ്ങൾ സ്വീകരിച്ചാൽ, ഉച്ചഭക്ഷണ ഫണ്ട് ലഭിച്ചാലുടൻ തിരികെ നൽകണമെന്നും നിർദേശമുണ്ട്.

നിലവിൽ പദ്ധതി നടപ്പിലാക്കിയിട്ടില്ലാത്ത സ്കൂളുകളിൽ സംഭാവനകൾ സ്വീകരിച്ച് പദ്ധതി നടപ്പാക്കാവുന്നതാണെന്നും സർക്കുലറിൽ പറയുന്നു. പിന്നാക്ക, ഗ്രാമീണ മേഖലയിലെ സ്കൂളുകളിൽ സംഭാവനയും പലിശരഹിത വായ്പുമെല്ലാം വാങ്ങി എത്ര കാലം പദ്ധതി മുന്നോട്ട് കൊണ്ടു പോകുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.

വിദ്യാർഥികളുടെ രുചി കണക്കിലെടുത്തു കേരളത്തിൽ വിളയുന്ന അരി ഉച്ചഭക്ഷണത്തിന് ഉപയോഗിക്കാൻ അവസരം നൽകണമെന്ന് നേരത്തെ കേരളം കേന്ദ്രത്തിന് അപേക്ഷ നൽകിയിരുന്നു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി ഒരു വർഷത്തേക്ക് 66,000 ടണ്ണിലധികം അരിയാണ് കേരളത്തിന് ആവശ്യമായി വരിക. അരി മുഴുവൻ കേന്ദ്രം സൗജന്യമായാണ് അനുവദിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള അരി കേരളത്തിലെ വിദ്യാർഥികൾക്ക് രുചികരമല്ല, അതിനാൽ കേരളത്തിലെ അരി ഇവിടെ തന്നെ വിനിയോഗിക്കുന്നതിനു കേന്ദ്രം പണം അനുവദിക്കണമെന്നായിരുന്നു കേരളത്തിൻ്റെ ആവശ്യം.

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയെ തുടർന്ന് രണ്ടാം ഗഡുവായി 55.16 കോടി രൂപ നല്‍കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. അധ്യയന വര്‍ഷാവസാനം വരെ പദ്ധതി തുടരാന്‍ ഇത്രയും തുക തികയുമോയെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. പദ്ധതിക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ തുക നല്‍കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഉച്ചഭക്ഷണ പദ്ധതിയുടെ തുക നല്‍കേണ്ടത് സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ ബാധ്യതയല്ലെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് പരാമര്‍ശിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com