വ്യാജ സർട്ടിഫിക്കറ്റ്; നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം

വിഷ്ണു വിജയന്റെയും, കൗശിക്ക് എം ദാസിൻ്റെയും യൂത്ത് കോൺഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പ് ഫലമാണ് തടഞ്ഞത്
വ്യാജ സർട്ടിഫിക്കറ്റ്; നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം

കൊല്ലം: വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയിൽ എൻറോൾ ചെയ്ത നേതാക്കളുടെ തിരഞ്ഞെടുപ്പ് ഫലം തടഞ്ഞ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ നേതൃത്വം. വിഷ്ണു വിജയന്റെയും, കൗശിക്കിന്റെയും യൂത്ത് കോൺഗ്രസ്‌ സംഘടനാ തിരഞ്ഞെടുപ്പ് ഫലമാണ് തടഞ്ഞത്. വി ഡി സതീശന്റെയും, കെ സി വേണുഗോപാലന്റെയും പിന്തുണയോടു കൂടിയാണ് വിഷ്ണു വിജയൻ സംസ്ഥാന ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും കൗശിക് എം ദാസ് കൊല്ലം ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചത്. സംഘടനയ്ക്ക് ചീത്തപ്പേര് ഉണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് തിരഞ്ഞെടുപ്പ് ഫലം യൂത്ത് കോൺഗ്രസ് അഖിലേന്ത്യ നേതൃത്വം തടഞ്ഞത്.

കെഎസ്‌യു കൊല്ലം മുന്‍ ജില്ലാ പ്രസിഡൻ്റായിരുന്ന വിഷ്ണു വിജയനും വൈസ് പ്രസിഡൻ്റായിരുന്ന കൗശിക് എം. ദാസും വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഹൈക്കോടതിയില്‍ അഭിഭാഷകരായി എന്‍ററോള്‍ ചെയ്തതായാണ് പരാതി ഉയർന്നത്. ഇരുവരും യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നു. രാജസ്ഥാനിലെ ചുരുവിലെ ഒപിജെഎസ് യുണിവേഴ്സിറ്റിയിലെയും ഉത്തര്‍പ്രദേശിലെ ഗ്ലോക്കല്‍ യുണിവേഴ്സിറ്റിയിലെയും സര്‍ട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമാണ് ഇവര്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയത്. ഇവരുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും പുനഃപരിശോധിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി ലഭിച്ചിരുന്നു. ഇവർ പഠിച്ചു എന്ന് പറയുന്ന സർവകലാശാലയിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ബാർ കൗൺസിൽ പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ കേസിൽ അന്വേഷണം മധ്യമേഖല ഡിഐജിക്കും ദക്ഷിണ മേഖല ഡിഐജിക്കും കൈമാറിയിരുന്നു. ഡിജിപി ദർവേശ് സാഹിബ്‌ ആണ് കേസ് കൈമാറിയത്.

വിഷ്ണുവിജയന്‍ ഒരേ സമയം എന്‍എസ്എസ് ലോ കോളജ് കൊട്ടിയത്തും 3,000 കിലോ മീറ്റര്‍ അകലെയുള്ള രാജസ്ഥാനിലെ പ്രൈവറ്റ് യൂണിവേഴ്സിറ്റിയിലും പഠിച്ചതായാണ് സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്ളത്. ഇതിന് പുറമേ തെങ്കാശിയില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍ നിന്നും 5,000 രൂപയ്ക്ക് ലഭിക്കുന്ന കടലാസുകള്‍ സര്‍ട്ടിഫിക്കറ്റാക്കി മറിച്ചു വിറ്റ് കൗശിക് എം ദാസും വിഷ്ണു വിജയനും ലക്ഷങ്ങള്‍ സമ്പാദിച്ചെന്നും റിപ്പോര്‍ട്ടര്‍ ടി വി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com