
കോഴിക്കോട്: മാധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിനായി സുരേഷ് ഗോപി അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഇന്ന് ഹാജരാകും. കോഴിക്കോട് നടക്കാവ് പൊലീസിന് മുൻപാകെയാണ് ഹാജരാകുന്നത്. ഈ മാസം 18നുള്ളിൽ ഹാജരാകാൻ പൊലീസ് നോട്ടീസ് നൽകിയിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കുന്നതിനൊപ്പം മോശം ഉദ്ദേശത്തോടെ പെരുമാറിയ സുരേഷ് ഗോപിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമപ്രവർത്തക സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. സുരേഷ് ഗോപിക്കെതിരെ 354 എ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ഒക്ടോബർ 27ന് കോഴിക്കോട് വെച്ച് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് സുരേഷ് ഗോപി മീഡിയ വൺ കോഴിക്കോട് ബ്യൂറോയിലെ സ്പെഷ്യല് കറസ്പോണ്ടന്റിനോട് അപമര്യാദയായി പെരുമാറിയത്. ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര് ചോദ്യങ്ങള് ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളില് അനുവാദമില്ലാതെ സുരേഷ് ഗോപി കൈ വെക്കുകയായിരുന്നു. മാധ്യമപ്രവർത്തക അപ്പോൾ തന്നെ കൈ തട്ടിമാറ്റി. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും തോളില് കൈ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്ത്തക കൈ തട്ടി മാറ്റി. പിന്നാലെയാണ് പൊലീസിൽ പരാതി നൽകിയത്.