വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്ന് മറിയക്കുട്ടി

സ്വന്തമായി വീടുണ്ടെന്നും മകള്‍ വിദേശത്താണെന്നും വാര്‍ത്ത വന്നത് പിശകാണെന്നും ഖേദിക്കുന്നുവെന്നുമാണ് ദേശാഭിമാനി പത്രത്തില്‍ വന്ന കുറിപ്പ്
വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്ന് മറിയക്കുട്ടി

അടിമാലി: മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി. മറിയക്കുട്ടിക്കെതിരെ നല്‍കിയ വാര്‍ത്ത പിശകെന്നും ദേശാഭിമാനി. ഇരുന്നൂറ്ഏക്കറിലെ വീടിന് കരമടയ്ക്കുന്നത് മകളുടെ പേരില്‍. പഴംപള്ളി ചാലില്‍ ഉണ്ടായിരുന്ന ഭൂമി നേരത്തെ വിറ്റിരുന്നു. സ്വന്തമായി വീടുണ്ടെന്നും മകള്‍ വിദേശത്താണെന്നും വാര്‍ത്ത വന്നത് പിശകാണെന്നും ഖേദിക്കുന്നുവെന്നുമാണ് ദേശാഭിമാനി പത്രത്തില്‍ വന്ന കുറിപ്പ്.

ദേശാഭിമാനി തന്നോട് നേരിട്ട് വന്ന് മാപ്പ് പറയട്ടെ എന്നായിരുന്നു ദേശാഭിമാനിയുടെ ഖേദപ്രകടനത്തോടുള്ള മറിയക്കുട്ടിയുടെ മറുപടി. ദേശാഭിമാനിയുടെ ഖേദപ്രകടനത്തിന് ശേഷവും വിഷയത്തില്‍ കോടതിയിലേക്കെന്ന ഉറച്ച നിലപാടിലാണ് മറയിക്കുട്ടിയമ്മ. ഖേദപ്രകടനം കൊണ്ട് കാര്യമില്ലെന്നും അതില്‍ ആത്മാര്‍ത്ഥതയില്ല. തന്നോട് ചോദിക്കേണ്ടിയിരുന്നില്ലേ. കോടതിയില്‍ പോകും, മറിയക്കുട്ടി വ്യക്തമാക്കി.

പെന്‍ഷന്‍ മുടങ്ങിയതിന്റെ പേരില്‍ ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് സ്വത്തുണ്ടെന്നും മകള്‍ വിദേശത്താണെന്നും നേരത്തെ സൈബര്‍ ഇടങ്ങളില്‍ വ്യാപക പ്രചരണമുണ്ടായിരുന്നു. ഈ പ്രചരണങ്ങള്‍ ഏറ്റുപിടിച്ച് ദേശാഭിമാനിയും സമാനമായ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍ മറിയക്കുട്ടിക്ക് അടിമാലി മന്നാംകണ്ടം വില്ലേജില്‍ ഒരു തുണ്ട് ഭൂമി പോലുമില്ലെന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപത്രം നല്‍കുകയായിരുന്നു. തനിക്കുണ്ടെന്ന് പറയുന്ന ഭൂമി എവിടെയാണെന്ന് വ്യക്തമാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും താന്‍ വില്ലേജ് ഓഫീസില്‍ പോയി അന്വേഷിച്ചിട്ടും ഒരു തുണ്ടുഭൂമി പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും മറിയക്കുട്ടി നിലപാട് സ്വീകരിച്ചു.

മറിയക്കുട്ടി നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തില്‍ രേഖകള്‍ പരിശോധിച്ചും പ്രദേശത്ത് നടത്തിയ അന്വേഷണത്തിലും മന്നാംകണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ ഭൂമിയൊന്നുമില്ലെന്ന് കണ്ടെത്തിയതായി വില്ലേജ് ഓഫീസര്‍ ബിജുവും വ്യക്തമാക്കിയിരുന്നു. സ്വന്തമായി രണ്ട് വീടുകളും പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം ഭൂമിയുണ്ടെന്നുമായിരുന്നു പ്രചാരണം. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയായിരുന്നു. അടിമാലി ടൗണില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന മറിയക്കുട്ടിയുടെ മകള്‍ പ്രിന്‍സി സ്വിറ്റ്‌സര്‍ലണ്ടിലാണെന്നും നേരത്തെ പ്രചരിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com