ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്‌ക്കെതിരായ പ്രവർത്തനം: മാർ ആൻഡ്രൂസ് താഴത്ത്

'നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്'

ക്രിസ്മസ് ആഘോഷങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്‌ക്കെതിരായ പ്രവർത്തനം: മാർ ആൻഡ്രൂസ് താഴത്ത്
dot image

തൃശൂര്‍: ക്രിസ്മസ് ആഘോഷങ്ങള്‍ പാടില്ലെന്ന് പറയുന്നത് ശരിയായ നിലപാടല്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റും തൃശ്ശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങള്‍ക്കെതിരെ തൃശൂര്‍ അതിരൂപതയും കത്തോലിക്ക കോണ്‍ഗ്രസും തൃശ്ശൂരില്‍ നടത്തിയ പ്രതിഷേധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ക്രിസ്മസ് ആഘോഷങ്ങളും സന്ദേശങ്ങളും വേഷവിധാനങ്ങളും പാടില്ലെന്ന് പറയുന്നത് ഭരണഘടനയ്‌ക്കെതിരെയും ഭാരതത്തിന്റെ ആത്മാവിനെതിരെയുമുള്ള പ്രവര്‍ത്തനമാണെന്ന് അദ്ദേഹം പറഞ്ഞു.

ഏതൊരു മതത്തിലും വിശ്വസിക്കാനും ജീവിക്കാനും പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന അടിസ്ഥാനപ്രമാണമായി നല്‍കിയിട്ടുള്ളതാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനമായി കണ്ടാണ് ഇതിനെ ചിലര്‍ എതിര്‍ക്കുന്നത്. തീവ്രവാദികള്‍ നടത്തുന്നതെന്ന് പറഞ്ഞ് അധികാരത്തിലിരിക്കുന്നവര്‍ നിഷ്‌ക്രിയത്വവും മൗനവും പാലിക്കുന്നത് ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

ക്രിസ്മസിനെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കൃത്യമായി പറയേണ്ടതുണ്ട്. രാഷ്ട്രനിര്‍മിതിയില്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയിട്ടുള്ളത് ക്രൈസ്തവരാണ്. ഇത് മറക്കുന്നതും മൗനം പാലിക്കുന്നതും തീവ്രവാദികളെന്ന് പറയുന്നവരെ പ്രോത്സാഹിപ്പിക്കലാണെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായ പ്രതിഷേധ പരിപാടിയില്‍ കല്‍ദായസഭ മെത്രാപ്പോലീത്ത മാര്‍ ഔഗിന്‍ കുര്യാക്കോസ്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, വികാരി ജനറാള്‍മാരായ ജെയ്സണ്‍ കൂനംപ്ലാക്കല്‍, ജോസ് കോനിക്കര, കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കെ എം ഫ്രാന്‍സിസ്, ഷിന്റോ മാത്യു, ഡോ. ജോബി കാക്കശ്ശേരി എന്നിവര്‍ സംസാരിച്ചു.

Content Highlights: Mar Andrews Thazhath says it is not right to say that Christmas celebrations should not be held

dot image
To advertise here,contact us
dot image