
കൊച്ചി: കേന്ദ്ര സര്ക്കാരിനും കേന്ദ്രമന്ത്രി വി മുരളീധരനുമെതിരെ രൂക്ഷ വിമര്ശനവുമായി സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന് ബാലഗോപാല്. കേന്ദ്രമന്ത്രി തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് കുറ്റപ്പെടുത്തിയ ബാലഗോപാൽ ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്ന് പ്രതികരിക്കരുതെന്നും വി മുരളീധരനോട് ആവശ്യപ്പെട്ടു.
എല്ലാ കാര്യങ്ങളും വ്യക്തമാക്കി കേന്ദ്രത്തിന് കത്തയച്ചതാണ്. സാമൂഹ്യക്ഷേമ പെന്ഷൻ്റെ ചെറിയൊരു ഭാഗം മാത്രമാണ് കേന്ദ്രം തരുന്നതെന്നും ബാലഗോപാല് ചൂണ്ടിക്കാണിച്ചു. കേരളത്തിന് കിട്ടാനുള്ള പണത്തിന്റെ കൃത്യമായ കണക്കാണ് പറഞ്ഞത്. കേരളത്തിലെ ഓരോരുത്തര്ക്കും കിട്ടേണ്ട തുകയാണത്. കേന്ദ്രസര്ക്കാര് 600 കോടിരൂപ പെന്ഷന് കുടിശ്ശിക നല്കാനുണ്ടെന്നും ബാലഗോപാല് വ്യക്തമാക്കി.
കേരളത്തിലെ ജനങ്ങള്ക്ക് കിട്ടേണ്ട തുക നിഷേധിക്കുന്നു. അംഗീകരിച്ച പണം പോലും കേന്ദ്രം തരുന്നില്ല. ചില സംസ്ഥാനങ്ങള്ക്ക് പ്രത്യേക പാക്കേജ് നല്കുന്നു. യുജിസി സംബന്ധിച്ച എല്ലാ രേഖകളും കേന്ദ്രത്തിന് കൈമാറിയതായി ബാലഗോപാല് വ്യക്തമാക്കി. യു ജി സി സംബന്ധിച്ച് കേന്ദ്രം പറഞ്ഞ എല്ലാ കാര്യങ്ങളും പൂര്ത്തിയാക്കി മാര്ച്ചില് കത്ത് കൊടുത്തു. വി മുരളീധരന് പല കാര്യങ്ങളും വ്യക്തതയില്ല. കണ്ടപ്പോള് ചിരിച്ചില്ല എന്നൊക്കെ പറഞ്ഞ് സംസ്ഥാനങ്ങള്ക്ക് കൊടുക്കേണ്ട തുക തരാതിരിക്കാന് കഴിയുമോയെന്നും അതാണോ കേന്ദ്ര സംസ്ഥാന ബന്ധമെന്നും ബാലഗോപാല് ചോദിച്ചു. അടിമ ഉടമ ബന്ധമാണോ ഇതെന്ന് ചോദിച്ച ബാലഗോപാല് ആരുടെയും അടിമ അല്ല കേരളമെന്നും വ്യക്തമാക്കി.
2026 ല് ലോക്സഭ സീറ്റ് പുനര് നിര്ണയിക്കുമെന്നും ജനസംഖ്യ അടിസ്ഥാനത്തില് കേരളത്തില് സീറ്റ് കുറയുമെന്നും ബാലഗോപാല് ചൂണ്ടിക്കാണിച്ചു. ധനകാര്യ കമ്മീഷന് ആരും തൊടാന് പറ്റാത്ത ഒന്നാണോയെന്നും ബാലഗോപാല് ചോദിച്ചു. സംസ്ഥാന സര്ക്കാരിന്റെ ധൂര്ത്തും അഹന്തയും കാരണം കേരളം വലിയ കടക്കെണിയിലേക്ക് പോകുന്നുവെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരന് ആരോപിച്ചിരുന്നു. ഇതിന് മറുപടിയായാണ് കെ എന് ബാലഗോപാല് രംഗത്തെത്തിയത്.