
മലപ്പുറം: മുസ്ലിം ലീഗിന്റെ പലസ്തീൻ ഐക്യദാർഢ്യ സമ്മേളന വേദിയിൽ നടത്തിയ പരാമർശത്തെച്ചൊല്ലി വിവാദം കനക്കുന്നതിനിടെ വിശദീകരണവുമായി ശശി തരൂർ. താൻ എന്നും പാലസ്തീൻ ജനതക്ക് ഒപ്പമാണെന്നും പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല എന്നുമാണ് തരൂർ പ്രതികരിച്ചത്.
'ഞാൻ അന്നും ഇന്നും എപ്പോഴും പലസ്തീൻ ജനതയ്ക്കൊപ്പമാണ്. എന്റെ പ്രസംഗം കേട്ട ആരെങ്കിലും അത് ഇസ്രയേലിനെ പിന്തുണയ്ക്കുന്നതാണെന്ന് വിചാരിക്കുമെന്ന് കരുതുന്നില്ല. പ്രസംഗത്തിലെ വാചകം എടുത്ത് അനാവശ്യം പറയുന്നവരോട് ഒന്നും പറയാനില്ല'- തരൂർ പറഞ്ഞു.
'ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു'; മുസ്ലിം ലീഗ് മഹാറാലിയിൽ ശശി തരൂർഹമാസിനെ ഭീകരവാദികളെന്ന് വിശേഷിപ്പിച്ച തരൂരിനെതിരെ എസ്കെഎസ്എസ്എഫും ഇടതുപക്ഷവും രംഗത്തെത്തിയിരുന്നു. തരൂരിന്റേത് ഇരകളെ തീവ്രവാദിയാക്കുന്ന മുടന്തൻ വാദമാണെന്നും ഹമാസിൻ്റേത് ഭീകരവാദമായി അവതരിപ്പിക്കുന്നത് നീതികരിക്കാനാകില്ലെന്നും എസ്കെഎസ്എസ്എഫ് സെക്രട്ടറി ഒ പി അഷ്റഫ് പറഞ്ഞു. മുസ്ലിം രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വേദിയിലെ അത്തരം പ്രയോഗം എന്ത് താൽപര്യത്തിന്റെ പുറത്താണെന്നും അഷ്റഫ് ചോദിച്ചു.
ഇസ്രയേലിനെതിരെ നടന്നത് ഭീകരാക്രമണമെന്ന ശശി തരൂരിന്റെ പരാമർശം അത്ഭുതപ്പെടുത്തി എന്നാണ് സംഘടന സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരും പ്രതികരിച്ചത്. കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ പലസ്തീൻ അനുകൂല പ്രമേയം ശശി തരൂർ എതിർത്തു. ഐക്യരാഷ്ട്ര സഭയിൽ നിന്ന് വാങ്ങിയ ശമ്പളത്തിന് തരൂർ ഇപ്പോഴും നന്ദി കാണിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ വൈകി എന്നും സത്താർ പന്തല്ലൂർ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
തരൂരിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ് നേതാവ് എം കെ മുനീറും സിപിഐഎം നേതാവ് എം സ്വരാജും രംഗത്തെത്തിയിരുന്നു. പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണമെന്നും ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്നുമാണ് എം കെ മുനീർ ഐക്യദാർഢ്യ സമ്മേളന വേദിയിൽത്തന്നെ പറഞ്ഞത്. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ഡോ. ശശി തരൂർ ഇസ്രായേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു എന്നാണ് സ്വരാജ് പ്രതികരിച്ചത്.
'മുസ്ലിം ലീഗിന്റെ ചെലവിൽ തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു': പരിഹസിച്ച് സ്വരാജ്'ഇസ്രയേലിനെ ആക്രമിച്ചത് ഭീകരവാദികൾ, പ്രത്യാക്രമണം അതിരുകടന്നു' എന്നാണ് ശശി തരൂർ പറഞ്ഞത്. ഹമാസിനെയാണ് ശശി തരൂർ ഭീകരർ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷേ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞിരുന്നു.