നിയമസഭാ അവാര്ഡ് എം ടി വാസുദേവന് നായര്ക്ക്; നവംബര് രണ്ടിന് സമ്മാനിക്കും

കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് അവാർഡ് നൽകുന്നത്

dot image

തിരുവനന്തപുരം: കേരള നിയമസഭാ അവാർഡ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ എം ടി വാസുദേവൻ നായർക്ക്. കല, സാഹിത്യം, സാംസ്കാരികം തുടങ്ങിയ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ വ്യക്തിക്കാണ് അവാർഡ് നൽകുന്നത്. അശോകൻ ചരുവിൽ, പ്രിയ കെ നായര്, നിയമസഭാ സെക്രട്ടറി എ എം ബഷീർ എന്നിവർ അംഗങ്ങളായ ജൂറി പാനലാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് സമ്മാനിക്കും.

നവംബര് 1 മുതൽ 7 വരെ നിയമസഭാ സമുച്ചയത്തിലാണ് പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഉദ്ഘാടനം നവംബർ 2-ന് ആർ ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ മുഖ്യമന്ത്രി നിർവഹിക്കും. രണ്ടാം പതിപ്പ് കൂടുതൽ മികവോടെ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. പുസ്തകോത്സവത്തിന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് നൊബേൽ സമ്മാന ജേതാവായ കൈലാഷ് സത്യാർത്ഥി പങ്കെടുക്കും.

തുടർന്നുള്ള ദിവസങ്ങളിൽ പെരുമാൾ മുരുകൻ, ഷബ്നം ഹഷ്മി, ശശി തരൂർ, സന്തോഷ് ജോർജ്ജ് കുളങ്ങര, എം മുകുന്ദൻ, ആനന്ദ് നീലകണ്ഠൻ, സച്ചിദാനന്ദൻ, പ്രൊഫ. വി മധുസൂദനൻ നായർ, സുഭാഷ് ചന്ദ്രൻ, മീന കന്ദസ്വാമി, അനിത നായർ, പ്രഭാവർമ, കെ ആർ മീര, ചന്ദ്രമതി, ഏഴാച്ചേരി രാമചന്ദ്രൻ, പറക്കാല പ്രഭാകർ, സുനിൽ പി ഇളയിടം, പി എഫ് മാത്യൂസ്, മധുപാൽ, ഡോ. മനു ബാലിഗർ, ആഷാ മേനോൻ, എൻ ഇ സുധീർ, സന്തോഷ് ഏച്ചിക്കാനം, റഫീക്ക് അഹമ്മദ്, സി വി ബാലകൃഷ്ണൻ തുടങ്ങി125-ഓളം പ്രമുഖർ പങ്കെടുക്കുന്ന വിവിധ സാഹിത്യ സദസ്സുകളും സംഘടിപ്പിക്കുന്നുണ്ട്. പുസ്തകോത്സവത്തിന്റെ പ്രചരണാർത്ഥം ഒക്ടോബർ 26-ന് പഴയ നിയമസഭാ ഹാളിൽ സ്കൂൾ കുട്ടികൾക്കായി ‘മാതൃകാ നിയമസഭ’യും സംഘടിപ്പിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image