
തിരുവനന്തപുരം: രാഷ്ട്രീയ ജാഥകളെ കള്ളപ്പണം ചെലവഴിക്കാനുള്ള മർഗമാക്കുന്നത് സിപിഐഎം രീതിയാണെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി കള്ളപ്പണം ഒഴുക്കിയെങ്കിൽ സിപിഐഎം എന്തുകൊണ്ട് അന്ന് പരാതി കൊടുത്തില്ലെന്നും മുരളീധരൻ ചോദിച്ചു. ഇഡി അന്വേഷണം സുരേഷ് ഗോപിക്ക് വേദിയൊരുക്കുന്നതിനല്ലെന്നും അദ്ദേഹം പ്രതികരിച്ചു. എം വി ഗോവിന്ദൻ പറയുന്നത് എന്താണെന്ന് അദ്ദേഹത്തിന് തന്നെ അറിയില്ല. കണ്ടലയിൽ സംസ്ഥാന സർക്കാർ അന്വേഷണം നടത്തിയാൽ പൂഴ്ത്തിവെപ്പുണ്ടാകും.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പിആർ അരവിന്ദാക്ഷൻ എ സി മൊയ്തീൻ എന്നിവരുടെ സ്വത്തുക്കളിൽ നിന്നാണ് പണം തിരിച്ചു പിടിക്കേണ്ടത്. റിസർവ് ബാങ്ക് നിയമം അനുവദിക്കുന്നുണ്ടെങ്കിൽ കരുവന്നൂർ സഹകരണ ബാങ്കിനെ കേരള ബാങ്ക് സഹായിക്കുന്നതിൽ തെറ്റില്ല. എന്നാൽ കേരള ബാങ്ക് പണം നൽകണോ എന്ന് തീരുമാനിക്കേണ്ടത് സിപിഐഎം അല്ല, റിസർവ്ബാങ്ക് ആണെന്നും മുരളീധരൻ പറഞ്ഞു.
സഹകരണ മേഖലയെ തകര്‍ക്കുന്നതിനുള്ള തല തിരിഞ്ഞ നിലപാട് ആണ് സര്‍ക്കാരിനുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പ്രതികരിച്ചു. നിക്ഷേപകരെ വഴിയാധാരം ആക്കിയതിന്റെ ഉത്തരവാദി പിണറായിയാണെന്നും കരുവന്നൂര്‍ ഒരു ക്ലാസ്സിക് ഉദാഹരണമാണെന്നും കെ സുരേന്ദ്രന് വിമര്‍ശിച്ചു. കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാൻ കേരള ബാങ്കിനെ ആശ്രയിക്കുന്ന സർക്കാർ നിലപാട് കൂനിന്ന്മേല് കുരുപോലെയെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജെപി പദയാത്ര ഇന്ന് നടക്കും. മുൻ എം പി സുരേഷ് ഗോപി നയിക്കുന്ന 'സഹകാരി സംരക്ഷണ പദയാത്ര' ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒരു മണിക്ക് കരുവന്നൂര്‍ ബാങ്ക് പരിസരത്ത് നിന്ന് ആരംഭിക്കുന്ന യാത്ര തൃശൂര്‍ സഹകരണ ബാങ്ക് പരിസരത്ത് സമാപിക്കും. 18 കിലോമീറ്റർ ദൂരമാണ് മാർച്ച് ചെയ്യുന്നത്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക