
പത്തനംതിട്ട: മന്ത്രി കെ രാധാകൃഷ്ണനെ റോഡില്‍ തടഞ്ഞു നിര്‍ത്തി തങ്ങളുടെ ദുരിതങ്ങള്‍ അറിയിച്ച് ശബരിമല വനമേഖലയിലെ അട്ടത്തോട് ട്രൈബല്‍ കോളനി നിവാസികള്‍. ആവശ്യങ്ങള്‍ പരിഗണിക്കാം എന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശബരിമല അവലോകനയോഗം കഴിഞ്ഞ് പമ്പയില്‍ നിന്നും മടങ്ങവേയാണ് ഊര് മൂപ്പന്റെ നേതൃത്വത്തില്‍ അട്ടത്തോട് ട്രൈബല്‍ കോളനി നിവാസികള്‍ മന്ത്രി കെ രാധാകൃഷ്ണന്റെ വാഹന വ്യൂഹത്തെ തടഞ്ഞ് നിര്‍ത്തിയത്. തങ്ങളുടെ ആവശ്യങ്ങള്‍ ഊരു മൂപ്പന് നാരായണന് മന്ത്രിയോട് പറഞ്ഞു.
ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് കോളനി നിവാസികളെ അറിയിച്ചതായി മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. ശബരിമല അവലോകന യോഗത്തിലേക്ക് ശബരിമല വാര്‍ഡ് ജനപ്രതിനിധിയെ ക്ഷണിക്കാതിരുന്നതിലും പ്രതിഷേധം ഉയര്‍ന്നു. തന്നെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നില്ലെന്ന് വാര്‍ഡംഗം മഞ്ജു പ്രമോദ് പറഞ്ഞു. ശബരിമല തീര്‍ത്ഥാടന കാലത്ത് നിലയ്ക്കല്‍ മുതല്‍ പമ്പ വരെ കോളനി നിവാസികളുടെ ഓട്ടോറിക്ഷ ഉള്‍പ്പെടെ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കണമെന്നും ആവശ്യമുയര്‍ന്നു. കോളനിയിലെ സ്ത്രീകള്‍ക്ക് ക്ലീനിങ് ജോലികള്‍ അനുവദിക്കുക ,വഴിയോരത്ത് ചെറുകിട കച്ചവടം നടത്താന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങളും കോളനി നിവാസികള്‍ ഉന്നയിച്ചു.
അതേസമയം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമലയില്‍ സര്‍ക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്.കുറ്റമറ്റ രീതിയില്‍ ഒരുക്കങ്ങള്‍ നടത്തും. 50 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞതവണ എത്തിയത്. ഇത്തവണ കൂടുതല്‍ തീര്‍ത്ഥാടകരെ പ്രതീക്ഷിക്കുന്നതായും മന്ത്രി കെ രാധാകൃഷ്ണന് പറഞ്ഞു. കെഎസ്ആര്‍ടിസി 200 ചെയിന്‍ സര്‍വീസുകളും 150 ദീര്‍ഘദൂര സര്‍വീസുകളും നടത്തും. തീര്‍ത്ഥാടന പാതയിലെ ആശുപത്രികളില്‍ ആവശ്യത്തിന് മരുന്നുകളും, ആംബുലന്‍സും, ഉദ്യോഗസ്ഥരെയും സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക