'പൊലീസ് രഹസ്യങ്ങൾ ചോർത്തുന്നു, മഫ്തിയിൽ പിന്തുടരുന്നു'; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി

കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്ന് ഇഡി
'പൊലീസ് രഹസ്യങ്ങൾ ചോർത്തുന്നു, മഫ്തിയിൽ പിന്തുടരുന്നു'; കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസിൽ പൊലീസിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അന്വേഷണ വിവരങ്ങൾ പൊലീസ് ചോർത്തുന്നതായാണ് പരാതി. ഇഡി ഓഫീസിന് മുന്നിൽ രഹസ്യ പൊലീസ് ക്യാമ്പ് ചെയ്യുന്നുവെന്നും ഓഫീസിലെത്തുന്നവരുടെ വിവരങ്ങൾ ചോർത്തുന്നുവെന്നും ഇഡി ആരോപിച്ചു. അന്വേഷണ ഉദ്യോഗസ്ഥരെ പിന്തുടരുന്നുവെന്നും കൊച്ചിയിലെ റെയ്ഡ് നടന്ന സ്ഥലത്ത് ക്യാമ്പ് ചെയ്തത് മഫ്തി പൊലീസ് സംഘമെന്നും ഇഡി പറഞ്ഞു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പ്രതികളുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. പി സതീഷ് കുമാര്‍, പി പി കിരണ്‍ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് നീട്ടിയത്. ഒക്ടോബര്‍ മൂന്ന് വരെയാണ് റിമാന്‍ഡ് നീട്ടിയത്. എറണാകുളം പ്രത്യേക സിബിഐ കോടതിയുടേതാണ് നടപടി. ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇവരെ റിമാന്‍ഡ് ചെയ്തത്.

തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയെ ഇഡി ചോദ്യം ചെയ്യുകയാണ്. എൻ.വി ബിനുവിനെയാണ് ചോദ്യം ചെയുന്നത്. തൃശൂർ സർവീസ് സഹകരണ ബാങ്കിൽ ഇന്നലെ ഇഡിയുടെ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ.

അതേസമയം എ സി മൊയ്തീന്‍ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല. പുലര്‍ച്ചെ തിരുവനന്തപുരത്തെത്തിയ മൊയ്തീന്‍ ഇന്ന് നിയമസഭാംഗങ്ങള്‍ക്കുള്ള ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കും. വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. അറസ്റ്റിന് സാധ്യതയുള്ളതിനാല്‍ എ സി മെയ്തീന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും വിവരമുണ്ട്. മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കാനാണ് എ സി മൊയ്തീന് ലഭിച്ചിരിക്കുന്ന നിയമോപദേശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com