
തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ അധിക്ഷേപം നേരിടേണ്ടി വന്നുവെന്നത് കേരളത്തെ ലജ്ജിപ്പിക്കുന്നതാണെന്ന് സിപിഐഎം. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്ത്തനങ്ങള് ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്ക്കുണ്ടാകണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില് പറയുന്നു. പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലായിരുന്നു മന്ത്രിക്ക് ജാതി വിവേചനം നേരിട്ടത്. ഇക്കാര്യം കെ രാധാകൃഷ്ണന് തന്നെയാണ് മറ്റൊരു വേദിയില് പറഞ്ഞത്. കഴിഞ്ഞ ജനുവരി 26 നായിരുന്നു സംഭവം.
ദേവസ്വം ബോര്ഡിന് കീഴിലുള്ള ക്ഷേത്രത്തിലെ നടപ്പന്തല് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു മന്ത്രി. നിലവിളക്ക് കൊളുത്തിയായിരുന്നു ഉദ്ഘാടനം. പൂജാരിമാര് നിലവിളക്ക് കൊളുത്തിയ ശേഷം ദീപം മന്ത്രിക്ക് കൈമാറാനായി സഹപൂജാരിക്കായി കൈമാറി. എന്നാല് അത് മന്ത്രിക്ക് കൈമാറാതെ നിലത്ത് വെക്കുകയായിരുന്നു. തുടര്ന്ന് ദീപം മന്ത്രി എടുക്കാന് തയ്യാറായില്ല. പിന്നാലെ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര് ബീന ദീപം നിലത്തുനിന്നെടുത്ത് മന്ത്രിക്ക് നീട്ടിയെങ്കിലും വാങ്ങാന് തയ്യാറായില്ല.
സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന
ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നുവെന്ന പ്രശ്നം കേരളത്തെ ലജ്ജിപ്പിക്കുന്നതാണ്.
കേരളത്തില് ഒരുകാലത്ത് ജാതീയമായ അടിച്ചമര്ത്തലിന്റെ ഭാഗമായി അയിത്തം ഉള്പ്പടെയുള്ള ദുരാചാരങ്ങള് നിലനിന്നിരുന്നു. നവോത്ഥാന പ്രസ്ഥാനവും, തുടര്ന്നുവന്ന ദേശീയ പ്രസ്ഥാനവും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമൊക്കെ നടത്തിയ ഇടപെടലിന്റെ ഭാഗമാണ് ജാതി വിവേചനത്തിന്റെ പ്രശ്നങ്ങള് പൊതുവില് ഇല്ലാതായത്. ചരിത്രപരമായ കാരണങ്ങളാല് ഉയര്ന്നുവന്ന സാമൂഹ്യ അവശതയുടെ പ്രശ്നങ്ങള് സമൂഹത്തില് നിലനില്ക്കുന്നുണ്ട്. അവ പരിഹരിക്കുന്നതിനുള്ള ശക്തമായ പ്രവര്ത്തനം സംസ്ഥാന സര്ക്കാരിന്റെയുള്പ്പെടെ നേതൃത്വത്തില് നടന്നുകൊണ്ടിരിക്കുന്ന ഘട്ടം കൂടിയാണിത്.
പയ്യന്നൂരിലെ നമ്പ്യാത്തറ ക്ഷേത്രത്തിലാണ് മന്ത്രി കെ രാധാകൃഷ്ണന് ജാതി വിവേചനം അനുഭവപ്പെട്ടത്. ജാതി വിവേചനത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം പ്രവര്ത്തനങ്ങള് ഉന്മൂലനം ചെയ്യുന്നതിനുള്ള നല്ല ജാഗ്രത ജനങ്ങള്ക്കുണ്ടാകണം.