പിഎസ്സി ജോലി തട്ടിപ്പ്; പ്രതികൾ ലക്ഷ്യമിട്ടത് ആഢംബര ജീവിതം

തട്ടിപ്പിലൂടെ വാങ്ങിയ പണം ഉപയോഗിച്ച് ആഢംബര കാറുകളും വീടുകളും വാങ്ങി

dot image

തിരുവനന്തപുരം: പിഎസ്സി ജോലി തട്ടിപ്പ് നടത്തിയ പ്രതികൾ ലക്ഷ്യമിട്ടത് ആഢംബര ജീവിതം. 80 ലക്ഷം രൂപയെങ്കിലും പ്രതികൾ തട്ടിയെടുത്തിട്ടുണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരു വ്യക്തമാക്കി. തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് ആഢംബര കാറുകളും വീടുകളും വാങ്ങി. ഉദ്യോഗാർത്ഥിയെ ഇന്റർവ്യൂ ചെയ്ത യുവതിയും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. പ്രതി രാജലക്ഷ്മി തൃശൂർ ആമ്പല്ലൂരിൽ പുതിയ വീട് നിർമിച്ചിട്ടുണ്ട്. ഒപ്പം എർട്ടിഗ, ഡസ്റ്റർ മോഡൽ കാറുകളും പ്രതി ഉപയോഗിച്ചിരുന്നു. തട്ടിപ്പിലൂടെ സ്വന്തമാക്കിയ പണമാണ് ഇതിനുപയോഗിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.

പത്തനംതിട്ട അടൂരിലെ രാജലക്ഷ്മി കുറച്ചുവർഷങ്ങളായി തൃശൂർ ആമ്പല്ലൂരിലാണ് താമസം. ആമ്പല്ലൂരിലെ വീടിനുസമീപമാണ് പുതിയ വീട്. രണ്ട് മാസം മുമ്പായിരുന്നു ഗൃഹപ്രവേശം. ഭർത്താവിനും കുട്ടികൾക്കുമൊപ്പമാണ് രാജലക്ഷ്മി ഒളിവിൽ പോയത്. മകളുടെ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് അമ്മയുമൊഴി.പാലക്കാട് സ്വദേശിയായ ഇടനിലക്കാരന്റെ സഹായത്തോടെയാണ് രാജലക്ഷ്മിയും രശ്മിയും ആളുകളെ സമീപിച്ചിരുന്നത്. പണം നൽകിയ അമ്പതോളം ആളുകളിൽ നിന്ന് പൊലീസ് വിവരം ശേഖരിച്ചു. ചിലർ രാജലക്ഷ്മിക്ക് നേരിട്ട് പണം നൽകിയതായാണ് മൊഴി.

പിഎസ്സിയുടെ വ്യാജ ലെറ്റർഹെഡ് നിർമിച്ച് സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാനായിരുന്നു ‘ഉദ്യോഗാർത്ഥികൾക്ക്’ നൽകിയ നിർദേശം. ഇത് വിശ്വസിച്ച് ആളുകൾ പിഎസ്സി ആസ്ഥാനത്ത് എത്തിയപ്പോഴാണ് തട്ടിപ്പ് വ്യക്തമായത്. കത്ത് വ്യാജമെന്ന് കണ്ടെത്തിയതോടെ വിജിലൻസ് വിഭാഗം ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് വൻ തട്ടിപ്പ് പുറത്തുവന്നത്.

dot image
To advertise here,contact us
dot image