

ദീര്‍ഘകാല അടിസ്ഥാനത്തില്‍ നിക്ഷേപിച്ചുകൊണ്ട് നിങ്ങളുടെ സമ്പാദ്യം വര്‍ധിപ്പിക്കാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് പോസ്റ്റ് ഓഫീസിന്റെ പദ്ധതിയായ RD (റിക്കറിംഗ് ഡപ്പോസിറ്റ് സ്‌കീം). ഇന്ത്യാഗവണ്‍മെന്റിന്റെ പിന്തുണയോടെ പോസ്റ്റ് ഓഫീസ് ആര്‍ഡി സ്‌കീം നിങ്ങളുടെ സമ്പാദ്യത്തിന് ഒരു അച്ചടക്കം വാഗ്ധാനം ചെയ്യുന്നു. ഭാവി ചെലവുകള്‍ക്കായും ഒരു അടിയന്തിര ഫണ്ട് അല്ലെങ്കില്‍ സമ്പാദ്യശീലം വളര്‍ത്തിയെടുക്കുക എന്നീ ലക്ഷ്യങ്ങള്‍ക്കാണെങ്കിലും ഈ സ്‌കീം തടസരഹിതവും വിശ്വസനീയവുമായ ഒരു മാര്‍ഗം നല്‍കുന്നു. എല്ലാ മാസവും ഒരു ചെറിയ തുക നിക്ഷേപിച്ചുകൊണ്ട് ഒരു വലിയ ഫണ്ട് നിര്‍മ്മിക്കാന്‍ ഈ പദ്ധതി നിങ്ങളെ സഹായിക്കും. ഈ സ്‌കീമില്‍ 10 വര്‍ഷത്തേക്ക് 15,000രൂപ നിക്ഷേപിക്കുന്നത് 25 ലക്ഷം രൂപയില്‍ കൂടുതല്‍ നേടാന്‍ സഹായിക്കും. ഈ നിക്ഷേപത്തിലൂടെ 7 ലക്ഷം രൂപയില്‍ കൂടുതല്‍ പലിശ നേടാം. എല്ലാ മാസവും 15,000 രൂപ പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ നിക്ഷേപിക്കുകയും തുടര്‍ച്ചയായി 10 വര്‍ഷം ഈ നിക്ഷേപം തുടരുകയും ചെയ്താല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ 25,68,107 രൂപ ഫണ്ട് ലഭിക്കും.

ആര്‍ ഡി സ്‌കീമിലൂടെ 10 വര്‍ഷം പണം നിക്ഷേപിച്ചാല്‍ ആകെ നിക്ഷേപം 18,00,000 രൂപയായിരിക്കും. പലിശ 7,68,107 രൂപയും.
ഒരു ആര്‍ഡിയുടെ കാലാവധി സാധാരണയായി 5 വര്‍ഷമാണ്. പക്ഷേ ആവശ്യമെങ്കില്‍ ഇത് നീട്ടാന്‍ കഴിയും. പ്രതിമാസം 15,000 രൂപ വീതം 5 വര്‍ഷത്തേക്ക് നിക്ഷേപിച്ചാല്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ ഏകദേശം 10,71,545 രൂപ ലഭിക്കും.

പലിശ നിരക്ക്: പോസ്റ്റ് ഓഫീസിലെ റിക്കറിംഗ് ഡെപ്പോസിറ്റിനുള്ള പലിശ നിരക്ക് പ്രതിവര്‍ഷം 6.7% ആണ് .ഇത് സ്ഥിരമായ വളര്‍ച്ച ഉറപ്പാക്കുന്നു.
നിക്ഷേപ കാലാവധി: ആര്‍ഡിക്ക് അഞ്ച് വര്‍ഷത്തെ (60 മാസം) നിശ്ചിത കാലാവധിയുണ്ട്. ഇത് ഒരു മധ്യകാല നിക്ഷേപ ഓപ്ഷനാണ്.
കുറഞ്ഞ നിക്ഷേപം: പ്രതിമാസം 100 മുതല്‍ നിക്ഷേപം ആരംഭിക്കാം.10 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം.
ഉയര്‍ന്ന പരിധിയില്ല: പരമാവധി നിക്ഷേപ പരിധിയില്ല. നിങ്ങളുടെ സാമ്പത്തിക ശേഷിക്കനുസരിച്ച് ലാഭിക്കാനുള്ള സൗകര്യം ഇത് നല്‍കുന്നു.
ഒന്നിലധികം പേയ്മെന്റ് ഓപ്ഷനുകള്‍: നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ പണം, ചെക്ക് അല്ലെങ്കില്‍ ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ വഴി നിക്ഷേപങ്ങള്‍ നടത്താം.
മുന്‍കൂര്‍ നിക്ഷേപങ്ങള്‍ അനുവദനീയം: പ്രതിമാസ നിക്ഷേപങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അഞ്ച് വര്‍ഷം വരെ മുന്‍കൂറായി പണമടയ്ക്കാം.
ത്രൈമാസ കോമ്പൗണ്ടഡ് പലിശ: നിങ്ങളുടെ നിക്ഷേപങ്ങള്‍ക്ക് ഓരോ പാദത്തിലും പലിശ ലഭിക്കും. ഇത് കാലക്രമേണ നിങ്ങളുടെ സമ്പാദ്യം ത്വരിതപ്പെടുത്തുന്നു.

Content Highlights :Post Office's RD scheme is a great way to grow your savings by investing on a long-term basis.