കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെതിരെ ഇഡി അന്വേഷണം

കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡി നീക്കം
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം എം കെ കണ്ണനെതിരെ ഇഡി അന്വേഷണം

തൃശ്ശൂർ: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള ബാങ്ക് വൈസ് പ്രസിഡന്റും തൃശൂര്‍ സഹകരണ ബാങ്ക് പ്രസിഡന്റുമായ എം കെ കണ്ണനെതിരെ ഇഡി അന്വേഷണം. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എം കെ കണ്ണന് നോട്ടീസ് നല്‍കാൻ സാധ്യതയുണ്ട്. സിപിഐഎം സംസ്ഥാന സമിതി അംഗം കൂടിയാണ് എം കെ കണ്ണൻ. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലുള്ള സതീഷ് കുമാറിനെ പരിചയപ്പെടുത്തിയത് എം കെ കണ്ണനാണെന്ന കൊടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് എം കെ കണ്ണനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുന്നത്. വായ്പ നല്‍കുന്നതിനായി എം കെ കണ്ണന്‍ സതീഷ് കുമാറിനെ പരിചയപ്പെടുത്തിയതായി കെടുങ്ങല്ലൂര്‍ സ്വദേശിയുടെ പരാതിയിലുണ്ട്.

ഇതിനിടെ തൃശൂരിലെ എസ്ടി ജ്വല്ലറിയിലും ഇഡി പരിശോധന നടത്തുകയാണ്. നേരത്തെ ഇഡി ചോദ്യം ചെയ്ത കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അനൂപ് ഡേവിഡ് കാട എസ്ടി ജ്വല്ലറി ഉടമയ്ക്ക് വേണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്ന് തങ്കം ജ്വല്ലറി ഉടമ ഗണേഷ് പരാതി പറഞ്ഞിരുന്നു. പാര്‍ട്ടി ഓഫീസില്‍ വിളിച്ചുവരുത്തി അനൂപ് കാട ഭീഷണിപ്പെടുത്തിയെന്ന് ഗണേഷ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. സതീഷ് കുമാര്‍ വെളുപ്പിച്ചെടുത്ത കള്ളപ്പണം ജ്വല്ലറിയില്‍ നിക്ഷേപിച്ചതിനെ തുടര്‍ന്നാണ് ഇഡി പരിശോധന.

ഇതിന് പുറമെ എസ്ടി ജ്വല്ലറി ഉടമ സുനില്‍ കുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുന്നുണ്ട്. കരുവന്നൂരിലെ ആധാരം എഴുത്തുകാരന്റെ കുട്ടനെല്ലൂരിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിലും റെയ്ഡ് നടക്കുകയാണ്.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പി സതീഷ് കുമാറിനെയും, പി പി കിരണിനെയും അറസ്റ്റ് ചെയ്തിരുന്നു. ഈ മാസം 19 വരെ ഇരുവരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. പി പി കിരണിനേയും സതീഷ് കുമാറിനെയും പല ദിവസങ്ങളിലായി ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി അറസ്റ്റ് ചെയ്തത്. ഇരുവരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇഡി റെയ്ഡുകളെന്നും സൂചനകളുണ്ട്. നേരത്തെ മുൻമന്ത്രിയും കുന്നംകുളം എംഎൽഎയുമായ എ സി മൊയ്തീനെ ഇഡി ചോദ്യം ചെയ്തിരുന്നു. ഓഗസ്റ്റ് 19ന് വീണ്ടും ഹാജരാകുന്നതിന് ഇഡി എ സി മൊയ്തീന് നോട്ടീസ് നൽകിയിട്ടുണ്ട്.

എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടില്‍ കേസിന്റെ വിശദാംശങ്ങൾ ഇഡി വ്യക്തമാക്കിയിരുന്നു.  കരിവന്നൂർ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാടില്‍ എംഎൽഎയ്ക്കും മുൻ എംപിക്കും പണം ലഭിച്ചിട്ടുണ്ടെന്നും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് മുൻ എംപിയുമായുള്ള ഫോൺ സംഭാഷണം ലഭിച്ചുവെന്നും കേസിലെ സാക്ഷികൾക്ക് ഇവരിൽ നിന്ന് ഭീഷണിയുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചിരുന്നു.

ക്രമവിരുദ്ധ വായ്പകളുടെ രേഖകള്‍ കണ്ടെത്തിയതായും ഇ ഡി മുൻപ് സമർപ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു. വായ്പകള്‍ വേണ്ടത്ര പരിശോധനകള്‍ നടത്താതെ നൽകിയെന്നും വായ്പ ഇതര അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയെന്നും ഇഡി വ്യക്തമാക്കിയിരുന്നു. വായ്പക്കാരന്‍ ആരെന്ന് അറിയാത്ത സാഹചര്യത്തിലാണ് ബാങ്ക് ജീവനക്കാര്‍ ഉള്ളതെന്നും ഇഡി പറഞ്ഞു. ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് വായ്പ നല്‍കി. അതും ഒരേ രേഖകളില്‍ ഒന്നിലധികം വായ്പ നല്‍കി. പി പി കിരണ്‍ അംഗത്വം നേടിയത് ബാങ്ക് ബൈ ലോ മറികടന്നാണ്. പി സതീഷ് കുമാര്‍ അനധികൃത പണമിടപാട് നടത്തി. കുറ്റകൃത്യത്തില്‍ ഉന്നതര്‍ക്കും ബന്ധമുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com