മുഖ്യമന്ത്രി സജീവമായി ഇടപെടണം; മുതലപ്പൊഴിയില്‍ കുറ്റവാളികള്‍ ഭരണകൂടമെന്ന് വി എം സുധീരന്‍

മുഖ്യമന്ത്രി സജീവമായി ഇടപെടണം; മുതലപ്പൊഴിയില്‍ കുറ്റവാളികള്‍ ഭരണകൂടമെന്ന് വി എം സുധീരന്‍

മത്സ്യത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല

തിരുവനന്തപുരം: ഭരണകൂടം മുതലപ്പൊഴിയെ മരണക്കെണിയാക്കി മാറ്റിയെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. മത്സ്യത്തൊഴിലാളികള്‍ പ്രശ്‌നങ്ങള്‍ അറിയിച്ചിട്ടും സര്‍ക്കാര്‍ പരിഹാരം കാണുന്നില്ല. കേരളത്തിന്റെ കാവല്‍ക്കാര്‍ എന്ന് വിശേഷിപ്പിക്കുന്ന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നത്തിന് നടപടി ഇല്ലെന്നും സുധീരന്‍ പറഞ്ഞു.

സര്‍ക്കാരിനെതിരെയും മന്ത്രി ആന്റണി രാജുവിനെതിരെയും ലത്തീന്‍ കത്തോലിക്കാ അസോസിയേഷനും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ യൂജിന്‍ പെരേരയും രൂക്ഷവിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെയാണ് സുധീരന്റെയും വിമര്‍ശനം. മുഖ്യമന്ത്രി തന്നെ പ്രശ്‌നത്തില്‍ സജീവമായി ഇടപെടണമെന്നും ഉത്തരവാദിത്തം ഭരണകൂടം നിറവേറ്റണമെന്നും സുധീരന്‍ പറഞ്ഞു. 7 പ്രധാന പരിഹാര നടപടികളാണ് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്.

എന്നാല്‍ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കാര്യക്ഷമമായ ഇടപെടല്‍ നടത്തിയില്ല. പ്രത്യേക പാക്കേജുകള്‍ അടിയന്തരമായി പ്രഖ്യാപിക്കണം. താല്‍ക്കാലിക പരിഹാരം കണ്ടതുകൊണ്ട് ഉപകാരമില്ലെന്നും മുതപ്പൊഴിയില്‍ കുറ്റവാളികള്‍ ഭരണകൂടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രി ആന്റണി രാജുവിനെതിരായ ലത്തീന്‍ കത്തോലിക്കാ അസോസിയേഷന്റെ വിമര്‍ശനം സത്യസന്ധമായ അഭിപ്രായ പ്രകടനമാണെന്നാണ് നേരത്തേ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര പറഞ്ഞത്. മുതലപ്പൊഴിയില്‍ മന്ത്രിയുടെ ഭാഗത്തു നിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. ആന്റണി രാജു മുതലപ്പൊഴിയില്‍ വന്ന് ഷോ കാണിക്കരുത് എന്ന് പറഞ്ഞു പോയി. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കണ്ണില്‍ പൊടിയിടാം എന്നാണ് വിചാരിക്കുന്നതെന്നും യൂജിന്‍ പെരേര പറഞ്ഞു.

'മന്ത്രി സമയാസമയത്ത് താല്പര്യമനുസരിച്ച് തീരുമാനങ്ങള്‍ എടുക്കുന്നു. മനഃസാക്ഷിയില്‍ കൈവച്ച് പറയാന്‍ സാധിക്കുമോ സഭയുടെ സഹായം കൂടാതെയാണ് മന്ത്രിയായത് എന്ന്. ഇപ്പോള്‍ പറയുന്നു സംഘടനയുടെ പ്രതിനിധി അല്ലെന്ന്. പൊള്ളയായ വാക്കുകളാണ് പറയുന്നത്. സ്വയം രക്ഷപ്പെടാനും സ്വയം ന്യായീകരിക്കാനും ഓരോ അഭിപ്രായങ്ങള്‍ പറയുന്നു. സര്‍ക്കാര്‍ നിയമസഭയിലും ഞങ്ങള്‍ക്കും വാഗ്ദാനങ്ങളും നല്‍കുന്നു. പരിഹാര നടപടികളുമായി ഒരിഞ്ചുപോലും മുന്നോട്ടു പോയില്ല'. യൂജിന്‍ പെരേര പറഞ്ഞു.

മുതലപ്പൊഴിയില്‍ ഇന്നലെയും രണ്ടു വള്ളങ്ങള്‍ അപകടത്തില്‍പ്പെട്ടു. ഏഴ് കാര്യങ്ങള്‍ അടിയന്തരമായി ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതാണ്. ആ വാഗ്ദാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. ഇല്ലെങ്കില്‍ വലിയ ദുരന്തം ഉണ്ടാകും. കൂടിക്കിടക്കുന്ന മണല്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഒന്നിനും പരിഹാരമില്ല. കഷ്ടിച്ചാണ് ജീവന്‍ രക്ഷപ്പെടുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഇതിന്റെ ചുമതല അദാനിയെ ഏല്‍പ്പിക്കണം. ഈ സ്ഥിതി തുടര്‍ന്നാല്‍ അപകടങ്ങള്‍ ഇനിയും തുടരും. നടപടികള്‍ ഉണ്ടായില്ലെങ്കില്‍ സമരവുമായി മുന്നോട്ടു പോകുമെന്നും യൂജിന്‍ പെരേര പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com